
ന്യൂഡല്‍ഹി: റെഡ് ഫോര്‍ട്ടിലേക്ക് ഇന്ന് മാര്‍ച്ച് നടത്തുമെന്ന് ജാമിയ മിലിയ സര്‍വകാലാശാല വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി പോലീസ്. നഗരത്തില്‍ പോലീസ് ബാരിക്കേഡുകള്‍ തീര്‍ക്കുകയും ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ന് നടത്താനിരിക്കുന്ന പ്രതിഷേധ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.
ഡല്‍ഹി - ഗുര്‍ഗോണ്‍ അതിര്‍ത്തിയാണ് പ്രതിഷേധം ഏറ്റവും ദോഷകരമായി ബാധിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കടുത്ത് ജനങ്ങള്‍ കൂട്ടം കൂടുന്നതിന് പോലീസ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ എട്ടു മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്. പ്രതിഷേധക്കാരുടെ നുഴഞ്ഞുകയറ്റം തടയാന്‍ നഗരത്തിലേക്ക് എത്തുന്ന എല്ലാ വാഹനങ്ങളും പോലീസ് കര്‍ശനമായി പരിശോധിക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ മാര്‍ച്ചില്‍ നിന്നും പിന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പായതോടെയാണ് പോലീസും കരുതല്‍ നടപടിയെടുത്തിരിക്കുന്നത്.
മാന്‍ഡി ഹൗസില്‍ നിന്നും ജന്ദര്‍മന്ദറിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന പ്രതിഷേധ മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ലെന്ന് നേരത്തേ ഡല്‍ഹി പോലീസ് ട്വീറ്റ് ചെയ്തിരുന്നു. അതേസമയം പോലീസിന്റെ അനുവാദം കിട്ടിയാലും ഇല്ലെങ്കിലൂം മാര്‍ച്ചുമായി മുമ്പോട്ട് പോകാനാണ് പ്രതിഷേധക്കാരുടെ നീക്കം. പ്രതിഷേധത്തിന് അനുമതി ഇല്ലെങ്കിലും മുമ്പോട്ട് തന്നെ പോകാനാണ് മാര്‍ച്ചിന് നേതൃത്വം നല്കുന്ന ഇടതുപാര്‍ട്ടികളുടെ തീരുമാനം.
അതേസമയം പ്രതിപക്ഷത്തെ മറികടക്കാന്‍ പൗരത്വ ഭേദഗതി ബില്ലിനെ ന്യായീകരിച്ച് തങ്ങളുടെതായ പ്രചരണം നടത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഒരു നിയമത്തിനും എതിരല്ല പൗരത്വ ഭേദഗതിയെന്നും പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരാന്‍ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ലെന്നും രാജ്യത്തുടനീളം പ്രഖ്യാപിച്ചിട്ടില്ലെന്നും വാദിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ചില മാധ്യമങ്ങളിലും മറ്റും പരസ്യം നല്‍കാനാണ് തീരുമാനം.






