
ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നിര്‍ദേശവുമായി വാര്‍ത്താ വിതരണ മന്ത്രാലയം രംഗത്ത്. ടെലിവിഷന്‍ ചാനലുകളുടെ ഉള്ളടക്കം സംബന്ധിച്ചാണ് കര്‍ശന നിര്‍ദേശം എത്തിയിരിക്കുന്നത്.
പല ടെലിവിഷന്‍ ചാനലുകളിലെയും പരിപാടികള്‍ നടക്കുന്നത് ഉള്ളടക്കം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടല്ലെന്നും ദേശവിരുദ്ധത പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്നും ചാനലുകള്‍ വിട്ടു നില്‍ക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. 10 ദിവസത്തിനുള്ളില്‍ മന്ത്രാലയം പുറപ്പെടുവിക്കുന്ന രണ്ടാമത്തെ നിര്‍ദേശമാണ് ഇത്.
രാജ്യത്തിന്റെ അഖണ്ഡത ചോദ്യം ചെയ്യുന്നതോ അക്രമത്തിന് പ്രേരിപ്പിക്കുന്നതോ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതോ ആയ ദേശവിരുദ്ധ വികാരം ഇളക്കിവിടുന്ന പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടു നില്‍ക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.






