
കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. കേരള സംസ്ഥാന അവാര്‍ഡ് ജേതാവായ രാമചന്ദ്ര ബാബു 125 ഓളം സിനിമകളില്‍ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. നാല് സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
മലയാളത്തിനു പുറമെ തമിഴ്, തെലുഗു, ഹിന്ദി, അറബിക്, ഇംഗ്ലീഷ് ഭാഷാ സിനിമകളിലും അദേഹം പ്രവര്‍ത്തിച്ചു. മലയാളത്തില്‍ യവനിക, കന്മദം, ചാമരം, ഗസല്‍, വെങ്കലം, പടയോട്ടം, പാളങ്ങള്‍, രതിനിര്‍വേദം,ദ്വീപ്, നിര്‍മ്മാല്യം, സ്പന്ദനം,ഒരു വടക്കന്‍ വീരഗാഥ,സൂര്യഗായത്രി ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ രാമചന്ദ്രബാബു പ്രമുഖരായ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
നിരവധി ഡോക്യൂമെന്ററികള്‍ക്കും പരസ്യങ്ങള്‍ക്കും അദേഹം ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ഛായാഗ്രാഹകരുടെ സംഘടനയായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫേഴ്സ്(ഐഎസ്സി)ന്റെ സ്ഥാപകനുമാണ്. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലയില്‍ മധുരന്ദകത്താണ് ജനനം. മദ്രാസ് ലൊയോള കോളേജില്‍ നിന്ന് ബിഎസ്സി കെമിസ്ട്രയില്‍ ബിരുദം നേടിയശേഷം പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഛായാഗ്രഹണം പഠിക്കാനായി ചേര്‍ന്നു. ഇക്കാലയളവിലാണ് പ്രശത്ത സംവിധായകരായ ബാലു മഹേന്ദ്ര, ജോണ്‍ എബ്രാഹം, കെ.ജി. ജോര്‍ജ് എന്നിവര്‍ അടുത്ത സുഹൃത്തുക്കളായത്.






