കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളെ മുന്നില്‍ നിന്ന് നയിക്കേണ്ടത് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറാണെന്ന് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവരെ കൂടി ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാന്‍ പവാറിന്റെ നേതൃത്വം ഉപകരിക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു. വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍.
പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതിനുള്ള റോളിലേക്ക് എന്തുകൊണ്ട് കോണ്‍ഗ്രസ് എത്തുന്നില്ലെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തരൂര്‍. കോണ്‍ഗ്രസിന് ഒരു ചരിത്രമുണ്ട്. കൂടാതെ ചില സംസ്ഥാന പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ എതിര്‍ത്തുകൊണ്ടാണ് വളര്‍ന്നത്. അതുകൊണ്ട് ഞങ്ങള്‍ നേതൃത്വം എടുക്കാന്‍ പോയാല്‍ അവര്‍ക്ക് ബുദ്ധിമുട്ടാകുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മുതിര്‍ന്ന നേതാവുള്ള ഒരു ചെറിയ പാര്‍ട്ടി നേതൃത്വം ഏറ്റെടുത്താല്‍ മറ്റുള്ളവര്‍ കേള്‍ക്കാന്‍ തയ്യാറാകും. എന്റെ അഭിപ്രായത്തില്‍ ശരത് പവാറായിരിക്കും നല്ലത്. അദ്ദേഹം മുതിര്‍ന്ന നേതാവാണ്. എന്‍.സി.പി മറ്റ് വലിയ പാര്‍ട്ടികള്‍ക്ക് ഭീഷണിയുമല്ല. അതുകൊണ്ടുതന്നെ അദ്ദേഹം മുന്‍കൈ എടുത്താല്‍ അതിന് ഫലമുണ്ടാകുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.






