
ഭോപ്പാല്‍: പോലീസ് കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ സ്റ്റേഷനില്‍ കൊണ്ടുവന്ന് ചെരുപ്പിനും വടികൊണ്ടും അടിച്ച് പോലീസുകാരുടെ ക്രൂരത. മധ്യപ്രദേശിലെ ദമോ ജില്ലയിലാണ് സംഭവം. മഫ്തിയിലുള്ള രണ്ടു പോലീസുകാരാണ് കുട്ടിയെ ക്രൂരമായി അടിക്കുന്നത്. വേദനകൊണ്ട് നിലത്തുകിടന്ന് നിലവിളിക്കുന്ന കുട്ടിയുടെ കരച്ചില് കണ്ട് രസിക്കുകയാണ് മറ്റ് പോലീസുകാര്‍. സമൂഹ മാധ്യമങ്ങളിലൂടെ ഈ വീഡിയോ ദൃശ്യം പ്രചരിക്കുകയാണ്.
അടികൊണ്ട് വീണ കുട്ടി ഒരു പോലീസുകാരന്റെ കാലുപിടിച്ച് മാപ്പുപറയുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ എന്തു കാരണത്തിലാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നോ എന്നാണ് സംഭവം നടന്നതെന്നോ വ്യക്തമല്ല. ദമോയിലെ കോട്വാലി പോലീസ് സ്റ്റേഷനില്‍ ഈ മാസം ആദ്യമാണ് സംഭവം നടന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ പറയുന്നുണ്ട്.
കുട്ടിയെ മര്‍ദ്ദിച്ചത് മഹേഷ് യാദവ്, മനീഷ് ഗന്ധര്‍വ് എന്നീ പോലീസുകാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എസ്.പി വിവേക് സിംഗ് പറഞ്ഞു. സംഭവത്തില്‍ അന്വേ്വഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ പ്രതികരണവുമായിമുഖ്യമന്ത്രി കമല്‍നാഥ് രംഗത്തെത്തി. നിഷ്കളങ്കനായ ഒരു കുട്ടിയെ പോലീസുകാര്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യം തന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് പോലീസിനു നിര്‍ദേശം നല്കി. ഇത്തരം മനുഷ്യത്വരഹിതമായ സംഭങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ല. കുറ്റക്കാരെ പുറത്താക്കും. അന്വേഷണത്തിനു ശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.






