
ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായിക്കെതിരെ ട്വിറ്ററില്‍ വോട്ടെടുപ്പുമായി ബി.ജെ.പിയുടെ ഐ.ടി സെല്‍ നേതാവ് അമിത് മാളവ്യ. രാജ്ദീപ് സര്‍ദേശായി ഇസ്ലാമിക് സ്റ്റേറ്റിന്റെ പി.ആര് വര്‍ക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി നേതാവ് പോള്‍ നടത്തിയത്. ഇതിനിടെതിരെ എഡിറ്റേഴ്സ് ഗില്‍ഡ് മാളവ്യയ്ക്ക് താക്കീത് നല്കി.
തന്റെ ട്വീറ്റിന് പോള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട മാളവ്യ ആളുകള്‍ പോള്‍ ചെയ്തുവെന്ന് പറയുന്ന കണക്കും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാളവ്യയ്ക്ക് താക്കീതുമായി എഡിറ്റേഴ്സ് ഗില്‍ഡ് രംഗത്ത് വന്നത്. മാളവ്യയുടെ പ്രസ്താവന സര്‍ദേശായിയുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നതാണെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ചൂണ്ടിക്കാട്ടി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമിത് മാളവ്യ രാജ്ദീപ് സര്‍ദേശായിക്കെതിരെ വിവാദ ട്വിറ്റര്‍ പോളുമായി രംഗത്ത് വന്നത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ റാലികളില്‍ ദേശീയ പതാകയും മഹാത്മാ ഗാന്ധിയുടെ ചിത്രവുമാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന റാലികളില്‍ കാവിക്കൊടിയാണ് കാണാന്‍ കഴിഞ്ഞതെന്നുമായിരുന്നു സര്‍ദേശായിയുടെ ട്വീറ്റ്.
ചിലര്‍ പ്രതിഷേധങ്ങളില്‍ സാങ്കല്‍പ്പികമായി മഹാത്മാ ഗാന്ധിയുടെ ചിത്രവും ദേശീയ പതാകയും കാണുന്നുണ്ടെന്ന് ഇതിന് മറുപടിയായി അമിത് മാളവ്യ ട്വീറ്റ് ചെയ്തു. ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടുള്ള ജാഥകള്‍ പൊതുമുതലും ക്ഷേത്രങ്ങളും നശിപ്പിക്കുകയാണെന്നും മാളവ്യ ആരോപിച്ചു.







Comments