
ന്യൂഡല്‍ഹി: എന്തു സംഭവിച്ചാലും പൗരത്വഭേദഗതി നിയമത്തില്‍ പിന്നോട്ടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ പിടിവാശി അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍. പുതിയ നിയമവും ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങളും പോലീസ് നടപടികളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്തയാക്കുമ്പോള്‍ ഇന്ത്യയിലെ സ്ഥിതി സൗഹൃദരാഷ്ട്രങ്ങള്‍ പോലും ആശങ്കയോടെ വീക്ഷിക്കുന്നതായി നയതന്ത്ര പ്രതിനിധികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
ഇന്ത്യയിലെ സ്ഥിതിഗതികളില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത് അയല്‍രാജ്യങ്ങളും ജി - 20, പി - 5 ലെ സഖ്യരാജ്യങ്ങളുമാണ്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ വരെ അവര്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുളള അസഹിഷ്ണുതാ വാര്‍ത്തകള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്നെന്നും ഇക്കാര്യം തങ്ങള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളോട് വിശദീകരിക്കാന്‍ കഴിയുന്നില്ലെന്നും അന്താരാഷ്ട്ര വിമര്‍ശനങ്ങളില്‍ പ്രധാനമന്ത്രി തന്നെ വിശദീകരണം നല്‍കണമെന്നും നയതന്ത്രജ്ഞര്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഓരോ ദിവസവും പീഡനത്തിന്റെയും ഭയപ്പെടുത്തലിന്റെയും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. സര്‍ക്കാരിന്റെ നില കൂടുതല്‍ അപകടത്തില്‍ പെടുന്നു. വിമര്‍ശനങ്ങളോടും വിയോജിപ്പിനോടും സര്‍ക്കാരിനുള്ളത് അസഹിഷ്ണുതയാണ്. പ്രതിഷേധത്തില്‍ പങ്കെടുത്ത ജര്‍മ്മന്‍ വിദ്യാര്‍ത്ഥിയെയും നോര്‍വീജിയന്‍ സന്ദര്‍ശകയെയും വിസ നിയമങ്ങള്‍ ലംഘിച്ചു എന്ന് കാട്ടി തിരിച്ചയച്ചു. ഇത്തരം നടപടികളെല്ലാം ഒരു വലിയ ജനാധിപത്യ രാജ്യത്തിന് ഒട്ടും ഭുഷണമല്ലാത്ത കാര്യങ്ങളാണ് എന്ന രീതിയിലാണ് നയതന്ത്രി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പതിനാറ് രാജ്യങ്ങളിലെയെങ്കിലും നയതന്ത്ര പ്രതിനിധികള്‍ പൗരത്വ ഭേദഗതി നിയമത്തെയും അതിന് ശേഷം ഉണ്ടായ സംഭവ വികാസങ്ങളെയും ആശങ്കയോടെ കാണുകയാണ്. പൗരത്വഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് പൊതു നയതന്ത്ര പ്രതിനിധികള്‍ നടത്തുന്ന വിലയിരുത്തലുകള്‍. എന്നാല്‍ ഈ വര്‍ഷം ഇന്ത്യ വിഷയമായ പുല്‍വാമ ആക്രമണം, ബലാക്കോട്ടേ ആക്രമണം, ഭരണഘടനയിലെ 370 ാം വകുപ്പ് എടുത്തുമാറ്റല്‍, അയോദ്ധ്യാവിധി എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും അവ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് മറ്റു രാജ്യങ്ങളെ വിശ്വസിപ്പിക്കാന്‍ കഴിയുകയും ചെയ്തിരുന്നു. എന്നാല്‍ പാകിസ്താന്, അഫ്ഗാനിസ്ഥാന്, ബംഗ്ളാദേശ് എന്നീ രാജ്യങ്ങള്‍ കുടി വിഷയമാകുന്ന പൗരത്വ നിയമത്തില്‍ സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് എടുത്തു കണ്ടില്ലെന്നാണ് വിമര്‍ശനം.






