
ഗുവാഹട്ടി: ഖേലോ ഇന്ത്യ ഗെയിംസ് അടുത്തമാസം തുടങ്ങാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനത്തിന് എത്തിയാല്‍ കടുത്ത പ്രതിഷേധമെന്ന് അസം വിദ്യാര്‍ത്ഥി സംഘടന ഓള് അസം സ്റ്റുഡന്റ്സ് യൂണിയന്. ജനുവരി 10 ന് ഖേലോ ഇന്ത്യയ്ക്കായി ഗുവാഹട്ടിയില്‍ എത്തുന്നുണ്ടെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം കാണാന്‍ തയ്യാറായിക്കൊള്ളാനാണ് വിദ്യാര്‍ത്ഥി സംഘടനയുടെ മുന്നറിയിപ്പ്.
പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയ ശേഷം നരേന്ദ്രമോഡി ആദ്യമായിട്ടാണ് അസമില്‍ എത്തുന്നത്. വന്നാല്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് എഎഎസ് യു പ്രസിഡന്റ് ദീപാങ്കുര്‍ നാഥ് പറയുന്നു. നിയമം ഉടന്‍ പിന്‍വലിക്കണം എന്നാണ് വിദ്യാര്‍ത്ഥി സംഘടനയുടെ ആവശ്യം. ജനുവരി 10 നാണ് ഖേലോ ഇന്ത്യ ഗുവാഹത്തിയില്‍ തുടങ്ങുന്നത്. 22 വരെ നീളും. ഇതിന് അഞ്ചു ദിവസം മുമ്പ് ഇന്ത്യാ - ശ്രീലങ്ക ട്വന്റി20 മത്സരവും ഗുവാഹത്തിയില്‍ നടക്കുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രക്ഷോഭം തുടങ്ങിയ ശേഷം അസമില്‍ ബിജെപി നേതാക്കള്‍ക്കെതിരേയെല്ലാം ശക്തമായ പ്രതിഷേധം നടന്നിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഏറ്റവും ഒടുവില്‍ രുചിച്ചത് മന്ത്രി ഹിമന്ത ബിശ്വാസാണ്. വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷപ്പെടാന്‍ ഒടുവില്‍ ഹിമന്തയ്ക്ക് വെറും അഞ്ചു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ റോഡ് മാര്‍ഗ്ഗം ഉപേക്ഷിച്ച് ഹെലികോപ്റ്റര്‍ യാത്ര വേണ്ടി വന്നിരുന്നു. നേരത്തേ നരേന്ദ്രമോഡി തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോള്‍ അസം ഗണ പരിക്ഷത്ത് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു.
പാകിസ്താന്, അഫ്ഗാനിസ്ഥാന്, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇസ്ളാമികള്‍ ഒഴിച്ചുള്ളവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്കുന്ന നിയമം 2019 ജനുവരി മുതല്‍ അസമില്‍ പ്രതിഷേധത്തിലാണ്. ബംഗ്ളാദേശുമായി അതിര്‍ത്തി പങ്കിടുന്ന അസം അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ നേരത്തേ ആഭ്യന്തരമന്ത്രി അസം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.






