ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്ന് ആരോപിച്ച് സര്‍ക്കാര്‍ 150ല്‍ അധികം പേര്‍ക്ക് നോട്ടീസ് നല്കി. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശ പ്രകാരം ലഖ്നൗ ജില്ലാ ഭരണകൂടമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ പങ്കെടുത്തവരെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം തേടി നോട്ടീസ് നല്കിത്തുടങ്ങിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ വീഡിയോകള്‍ ഫോട്ടോകള്‍ തുടങ്ങിയവ പരിശോധിച്ചാണ് പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരെ പോലീസ് തിരിച്ചറിയുന്നത്.
ജില്ലാ ഭരണകൂടം നല്കിയ നോട്ടീസിന് ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയുമായി ജില്ലാ ഭരണകൂടം മുന്നോട്ട് പോകും. നഷ്ടപരിഹാരം പണമായി നല്‍കണമെന്നാണ് ആവശ്യം. ഇതിന് സാധിച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടും.






