വാഷിംഗ്ടണ്‍: ഇറാന് കമാന്റര്‍ ക്വാസിം സുലൈമാനിയെ വധിച്ചതിനെ ന്യായീകരിച്ച് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. സുലൈമാനിയെ നേരത്തെ വധിക്കേണ്ടതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. സുലൈമാനി നിരവധി അമേരിക്കക്കാരെ കൊന്നിട്ടുണ്ട്. ഇനിയും നിരവധി പേരെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായും ട്രംപ് ആരോപിച്ചു. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് വന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സുലൈമാനിയെ കൊലപ്പെടുത്തിയത്.
സുലൈമാനിയെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പ്രധാന സൈനിക ഉന്നതര്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തില്‍ അബു മഹ്ദി അല്‍ മുഹാന്‍ദിസും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാഖില്‍ ഇറാന് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് (പിഎംഎഫ്) ന്റെ ഉപ കമാന്ററാണ് അബുവെന്നാണ് ഇറാഖ് ആരോപിക്കുന്നത്. സുലൈമാനിയുടെ കൊലപാതകത്തോടെ യു.എസ്-ഇറാന് ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്.
കൃത്യം നടത്തിയത് ട്രംപിന്റെ നിര്‍ദേശപ്രകാരമാണെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചിരുന്നു. അടുത്തിടെ ഇറാഖില്‍ അമേരിക്കന്‍ ജനതയ്ക്കെതിരേ നടന്ന ആക്രമണത്തിനുള്ള പ്രതികാരം എന്നാണ് നടപടിയെ അമേരിക്ക ന്യായീകരിച്ചിരിക്കുന്നത്. ഇറാന് ഭരണാധികാരി അയത്തൊള്ള ഖൊമേനിയ്ക്ക് നേരിട്ട് വിവരങ്ങള്‍ കൈമാറിയിരുന്നയാളാണ് സുലൈമാനി. കഴിഞ്ഞ ഏപ്രിലില്‍ ഖുദ് സേനയെ അമേരിക്ക ഭീകരസംഘടനകളുടെ പട്ടികയില്‍ പെടുത്തിയിരുന്നു. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്കും ഇറാഖില്‍ അമേരിക്കയ്ക്കായി സേവനം ചെയ്യുന്ന അംഗങ്ങള്‍ക്കും എതിരേ നടന്നിരുന്ന എല്ലാ ആക്രമണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്നത് സുലൈമാനി ആണെന്നാണ് അമേരിക്കയുടെ പ്രതിരോധ വിഭാഗം ആരോപിക്കുന്നത്. ഇസ്രായേലിന്റെയും അമേരിക്കയുടെയും താല്‍പ്പര്യം അനുസരിച്ചാണ് ആക്രമണം നടന്നിരിക്കുന്നതെന്നാണ് ഇറാഖി ഉദ്യോഗസ്ഥരും പറയുന്നു.
കഴിഞ്ഞ ദിവസം യുഎസ് എംബസിക്ക് നേരെ ഇറാന് അനുകൂല സംഘങ്ങളുടെ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ തിരിച്ചടി നല്‍കുമെന്ന് അമേരിക്ക പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച നടന്ന റോക്കറ്റ് ആക്രമണത്തില്‍ ഇറാഖില്‍ തന്നെ ഒരു അമേരിക്കന്‍ കരാറുകാരനും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനെല്ലാമുള്ള പ്രതികാരം എന്നാണ് ഇപ്പോള്‍ അമേരിക്ക പറയുന്നത്. സ്വന്തം ജനതയെ സുരക്ഷിതരാക്കാനുള്ള നീക്കം എന്നാണ് ആക്രമണത്തില്‍ അമേരിക്കയുടെ ന്യായീകരണം. വ്യാഴാഴ്ച രാത്രി ഏറെ വൈകി ബാഗ്ദാദ് വിമാനത്താളത്തിനടുത്ത് തുടര്‍ച്ചയായി റോക്കറ്റാക്രമണം ഉണ്ടായതായിട്ടാണ് നാട്ടുകാരും പറയുന്നത്. ഇറാന്റെ വരുംകാല ആക്രമണ പദ്ധതികളെ തകര്‍ക്കാനാണ് സുലൈമാനിയെ ആക്രമിച്ചതെന്നാണ് പെന്‍ഗണ്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നത്. ഫ്ളോറിഡയിലെ പാം ബീച്ചില്‍ അവധിയാഘോഷത്തിലായിരുന്ന ട്രംപ് ഒരു കാര്യവും കുറിക്കാതെ അമേരിക്കന്‍ പതാക ട്വീറ്റ് ചെയ്താണ് വാര്‍ത്തയോട് പ്രതികരിച്ചത്..
ഈ ആഴ്ച ആദ്യം ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലും സുലൈമാനി ആണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ഇതോടെ പശ്ചിമേഷ്യ കലുഷിതമായ അവസ്ഥയിലായി. മാസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ് അമേരിക്ക വെടി പൊട്ടിച്ചിരിക്കുന്നത്. നേരത്തേ അമേരിക്കയുടെ സൈനിക ഡ്രോണുകള്‍ ഇറാന് വെടിവെച്ചിടുകയും അവരുടെ എണ്ണടാങ്കറുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.






