
ഫ്ളോറിഡ: ഇറാന് രഹസ്യാന്വേഷണ മേധാവി ഖാസിം സൊലൈമാനിയെ വധിച്ചതിനു പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഖാസിമിന്റെ ഭീകരബന്ധങ്ങള്‍ ഡല്‍ഹിയിലും ലണ്ടനിലും വരെ എത്തിയിരുന്നുവെന്നും ട്രംപ് ആരോപിച്ചു. വെള്ളിയാഴ്ച ഫ്ളോറിഡയിലെ പാം ബീച്ചിലുള്ള മാര്‍-എ-ലഗോ റിസോര്‍ട്ടിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
സൊലൈമാനിയുടെ ആക്രമണത്തിന് ഇരയായവരെ ഓര്‍മ്മിക്കുകയും ആദരിക്കുകയും ചെയ്യുന്ന ദിവസമാണിത്. ആ ഭീകരന്റെ വാഴ്ച അവസാനിച്ച എന്നരില്‍ ആശ്വാസിക്കാമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഡല്‍ഹിയില്‍ ഖാസിം നടത്തിയ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ട്രംപ് പുറത്തുവിട്ടില്ല. 2012ല്‍ ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയില്‍ പ്രതിരോധ ഉദ്യോഗസ്ഥന്റെ ഭാര്യ സഞ്ചരിച്ച കാര്‍ സ്ഫോടനത്തില്‍ തകര്‍ത്തതിനു പിന്നില്‍ ഖാസിം സൊലൈമാനിയായിരുന്നുവെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. കാറില്‍ കാന്തം ഉപയോഗിച്ച് ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്തിയിരുന്നു.
2012 ഫെബ്രുവരി 13നുണ്ടായ സ്ഫോടനത്തില്‍ ഉദ്യോഗസ്ഥന്റെ ഭാര്യ തല്‍ യെഹോഷ്വ കൊരെനും ഡ്രൈവര്‍ക്കും രണ്ട് വഴിയാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു. ആക്രമണത്തിന് പിന്നില്‍ ഇറാന് ആണെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ അന്ന് ആരോപിക്കുകയും ചെയ്തിരുന്നു. സമാനമായ രീതിയില്‍ ജോര്‍ജിയയിലും സ്ഫോടനം നടന്നിരുന്നു. അക്കാലത്ത് ഇറാന്റെ ആണവ ശാസ്ത്രജ്ഞനായിരുന്ന മുസ്തഫ അഹമ്മദി റോഷന് കാറില്‍ ഘടിപ്പിച്ച കാന്തിക ബോംബ് പൊട്ടി കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നില്‍ ഇസ്രയേല്‍ ആണെന്നും അതിന്റെ പ്രതികാരമായാണ് ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയില്‍ ഇറാന് ആക്രമണം നടത്തിയതെന്നുമായിരുന്നു അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ 2012ലെ സ്ഫോടനക്കേസ് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. സ്ഫോടനത്തില്‍ ഇറാന് പങ്കുണ്ടോ എന്ന കാര്യവും ഇന്ത്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തിനുള്ള ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് കാണിച്ച് മാധ്യമ പ്രവര്‍ത്തകനായ സയ്ദ് മുഹമ്മദ് അഹമ്മദ് കാസ്മി എന്നയാളെ യു.എ.പി.എ ചുമത്തി മാര്‍ച്ച് ആറിന് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ക്ക് ഒക്ടോബറില്‍ സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. സ്ഫോടനം നടത്താന്‍ ഇറാന്കാര്ക്കൊപ്പം ഇയാളും സ്ഥലത്ത് നേരത്തെ പരിശോധന നടത്തിയിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
ഇറാനിലെ ഇസ്ലാമിക റവല്യൂഷണറി ഗാര്‍ഡിലെ അഞ്ച് അംഗങ്ങളായിരുന്നു സ്ഫോടനം നടത്തിയതെന്നും അവര്‍ ഈ സമയത്ത് ഡല്‍ഹി സന്ദര്‍ശിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. എന്നാല്‍ ഇവരെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ അറസ്റ്റു നടന്നില്ല. ഇസ്ലാമിക റവല്യൂഷണറി ഗാര്‍ഡിന്റെ മേധാവിയായിരുന്നു കൊല്ലപ്പെട്ട ഖാസിം സൊലൈമാനി. എന്നാല്‍ അക്കാലത്ത് ഖാസിമിന്റെ പേര് ആക്രമണവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നില്ല.






