ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി 11ന് വോട്ടെണ്ണല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ജനുവരി 14ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ജനുവരി 24നാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
നിലവിലെ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22ന് അവസാനിക്കും. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാരാണ് നിലവില്‍ ഡല്‍ഹി ഭരിക്കുന്നത്. 2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70 അംഗ നിയമസഭയില്‍ 67 സീറ്റും നേടി തിളക്കമാര്‍ന്ന വിജയമാണ് എ.എ.പി നേടിയത്. ബി.ജെ.പി മൂന്ന് സീറ്റില്‍ ഒതുങ്ങിയപ്പോള്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായി. നിലവിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്കും ബി.ജെ.പിക്കും കോണ്‍ഗ്രസിനും തിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്.
1,46,92,136 വോട്ടര്‍മാരാണ് ഇത്തവണ ഡല്‍ഹിയുടെ ജനവിധി നിര്‍ണ്ണയിക്കുന്നത്. 90,000 ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 13,750 പോളിംഗ് സ്റ്റേഷനുകളുണ്ടാകും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.






