
ന്യൂഡല്‍ഹി: രാജ്യം കടന്നുപോകുന്നത് അതീവ ദുര്‍ഘടമായ സമയത്തിലൂടെയാണെന്നും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ. പൗരത്വ ഭേദഗതി നിയമത്തിലെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരുപറ്റം ഹര്‍ജികള്‍ പരിശോധിക്കുമ്പോഴാണ് ചീഫ് ജസ്റ്റീസിന്റെ പരാമര്‍ശം. ദേഭഗതിനിയമം ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടും ഒരു ഹര്‍ജി എത്തിയിരുന്നു.
നിയമ ഭേദഗതിയുടെ നിയമസാധുത ചോദ്യം ചെയ്ത് 60ല്‍ ഏറെ ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയരിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതോടെ നിയമം ഭരണഘടനയുടെ മതേതര സ്വഭാവം ലംഘിക്കുന്നതാണെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. ഹര്‍ജികളില്‍ ഡിസംബര്‍ 18ന് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച കോടതി, ജനുവരി രണ്ടാംവാരം മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. ജനുവരി 22ന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.
അതിനിടെ, നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നും അതിനാല്‍ അടിയന്തരമായി ഹര്‍ജി പരിഗണക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും കോടതിയില്‍ എത്തിയിരുന്നു. നിയമം ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ ഇത്തരമൊരു ഹര്‍ജി താന്‍ ആദ്യമായി കാണുകയാണെന്ന് അത്ഭുതം പ്രകടിപ്പിച്ച കോടതി, നിയമത്തിന്റെ സാധുത പരിശോധിക്കുകയാണ് കോടതിയുടെ ജോലിയെന്നും അതിനെ ഭരണഘടനാപരമായി പ്രഖ്യാപിക്കല്‍ അല്ലെന്നും ജസ്റ്റീസ് ബി.ആര്. ഗവായ്, ജസ്റ്റീസ് സൂര്യകാന്ത് എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
രാജ്യം ദുര്‍ഘടമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്.. സമാധാനം സ്ഥാപിക്കാന്‍ ശ്രമിക്കും. എന്നാല്‍ ഇത്തരം ഹര്‍ജികള്‍ അതിന് സഹായകരമാകില്ല. ഇത്തരമൊരു ഉത്തരവ് കോടതി പുറപ്പെടുവിക്കില്ലെന്ന് നിയമം പഠിക്കുന്നവര്‍ക്ക് അറിയാമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. അഭിഭാഷകന് വിനീത് ദണ്ഡയാണ് ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്.
നിയമത്തിനെതിരെ രാജ്യവ്യാപകമായി അപവാദങ്ങള്‍ പ്രചരിക്കുന്നുവെന്നും കുപ്രചരണം നടത്തുന്ന ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമങ്ങള്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.






