
ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ നിയമിച്ച ട്രൈബൂണല്‍ വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. മുന്‍ ചെയര്‍മാനായിരുന്ന എന്‍.ചന്ദ്രശേഖരന്റെ നിയമനം നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടാറ്റാ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ തന്നെ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബൂണല്‍ ഉത്തരവിട്ടത്. ട്രൈബൂണലിന്റെ വിധിയെ ചോദ്യം ചെയ്തുകൊണ്ട് ടാറ്റാ ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്. സൈറസ് മിസ്ത്രിയെ വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാനായി നിയമിച്ചുകൊണ്ടുള്ള വിധിനിര്‍ണയത്തിലെ തെറ്റ് ഉത്തരവില്‍ വ്യാപിച്ചിരിക്കാമെന്നും ചീഫ് ജസ്റ്റിസ് വീക്ഷിച്ചു. ടാറ്റാ സണ്‍സ് രണ്ട് ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലുള്ളതാണെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍സിഎല്‍എടി ഉത്തരവെന്നാണ് രത്തന്‍ ടാറ്റ സുപ്രീംകോടതിയെ അറിയിച്ചത്.
എക്സിക്യൂട്ടീവ് ചെയര്‍മാനായ എന്‍.ചന്ദ്രശേഖരന്റെ നിയമനം നിയമവിരുദ്ധമാണെന്നും ചുണ്ടിക്കാട്ടിയാണ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18 നാണ് സൈറസ് മിസ്ത്രിയെ ചെയര്‍മാനായി നിയമിച്ചുകൊണ്ട് ട്രൈബൂണല്‍ ഉത്തരവിട്ടത്. മിസ്ത്രിയും മറ്റ് രണ്ടു കമ്പനികളും നല്കിയ അപ്പീലിലാണ് രണ്ടംഗ എന്‍സിഎല്‍എടി ബെഞ്ച് ഡിസംബര്‍ 18 ന് വിധി പറഞ്ഞത്.
2016 ഒക്ടോബറിലാണ് ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന മിസ്ത്രിയെ പുറത്താക്കിയത്. 2012 ഡിസംബറില്‍ രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായാണ് മിസ്ത്രി ഗ്രൂപ്പിന്റെ ചെയര്മാന് സ്ഥാനത്തെത്തിയത്. ടാറ്റ സണ്‍സില്‍ 18.4 ശതമാനം ഓഹരിയാണ് മിസ്ത്രി കുടുംബത്തിനുള്ളത്.






