
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന കാരണത്താല്‍ പൊളിക്കാന്‍ വിധിക്കപ്പെട്ട മരട് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ ഏറ്റവും വലിയ ഫ്ളാറ്റായ ജയിന് കോറല്‍ക്കോവ് നിലംപതിച്ചു. കൃത്യം പതിനൊന്നു മണിയോടെ നിയന്ത്രിത സ്ഫോടനത്തിലുടെ 128 അപാര്‍ട്ടുമെന്റുകളുള്ള ജയിന് കോറല്‍കോവ് തകര്‍ന്നടിയുകയായിരുന്നു. രാവിലെ പത്തരയോടെ ആദ്യ സൈറണും 10.55 ന് രണ്ടാമത്തെ സൈറനും 10 :59 നും മൂന്നാമത്തെയും സൈറന്‍ മുഴക്കി കൃത്യമായ മുന്നറിയിപ്പ് നല്കി അഞ്ച് കൗണ്ട്ഡൗണിനു ശേഷമാണ് സ്ഫോടനം നടത്തിയത്.
എല്ലാ സുരക്ഷിത സാഹചര്യങ്ങളും ഉറപ്പു വരുത്തിയാണ് സ്ഫോടനം നടത്തിയത്. 50 മീറ്റര്‍ ഉയരത്തിലുള്ള ഫ്ളാറ്റില്‍ വലിയ വീതിയിലുള്ള 128 അപ്പാര്ട്ടുമെന്റുകളാണുണ്ടായിരുന്നത്. 372.8 കിലോ സ്ഫോടക വസ്തു ഉപയോഗിച്ചാണ് ഏറ്റവും വലിയ ഫ്ളാറ്റ് സമുച്ചയം തകര്‍ത്തത്. ജയിന് കോറല്‍ക്കോവ് തകര്‍ക്കാന്‍ വേണ്ടി വന്നത് 86 ലക്ഷം രൂപയാണ്. ജയന് കോറല്‍കോവ് 49 ഡിഗ്രി ചരിച്ചുവീഴ്ത്തുകയായിരുന്നു. കിഴക്കുഭാഗം കുത്തനെ ആദ്യം ഇടിഞ്ഞ് ഇരുന്നതിനു ശേഷം ഫ്ളാറ്റിന്റെ പിന്‍ഭാഗം മുമ്പിലോട്ട് വീഴ്ത്തിയാണ് എല്ലാം കിറുകൃത്യത്തോടെ നടപ്പിലാക്കിയത്. സമീപത്ത് ആള്‍ത്താമസം ഇല്ലാത്തതിനാല്‍ ജയിന് കോറല്‍ക്കോവ് തകര്‍ക്കുന്നതില്‍ വലിയൊരു ആശങ്ക ഒഴിവായിരുന്നു. എന്നാല്‍ ഒന്‍പതു മീറ്റര്‍ മാത്രം അകലെ നെട്ടൂര്‍ കായല്‍ ഉള്ളതു മാത്രമാണ് ആശങ്കയുണ്ടായിരുന്നത്.
അഞ്ചു നില ഫ്ളാറ്റ് പൊക്കത്തില്‍ അവശിഷ്ടം കുമിഞ്ഞുകൂടമെന്നാണ് വിലയിരുത്തല്‍. തകര്‍ക്കുന്നതിനു മുന്നോടിയായി സുരക്ഷ കണക്കിലെടുത്ത് ഇടറോഡുകള്‍ എല്ലാം ബ്ലോക്ക് ചെയ്തിരുന്നു. കായല്‍ വഴി ബോട്ട് ഓടിക്കുന്നതിനും കര്‍ശന നിയന്ത്രണമുണ്ട്. ആദ്യ സൈറണ്‍ മുഴങ്ങിയതോടെ ഇടറോഡുകളിലെ എല്ലാം ഗതാഗതം നിരോധിക്കുകയായിരുന്നു. എന്നാല്‍ ജയിന് കോറലകോവ് പൊളിക്കുനന സമയത്ത് ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണമുണ്ടായിരുന്നില്ല. ഒന്നും രണ്ടും നിലകളിലാണ് ഏറ്റവും തീവ്രതയുള്ള സ്ഫോടനം ഉണ്ടായത്. മുകളിലേയ്ക്ക് ഉയരുന്നതോടെ സ്ഫോടനത്തിന്റെ തീവ്രത കുറഞ്ഞ രീതിയിലായിരുന്നു. രാവിലെ തന്നെ ആളുകളെ എല്ലാം ഒഴിപ്പിക്കുകയും നെട്ടൂര്‍ കായലില്‍ പോലീസ് പട്രോളിങ് നടത്തി ആരും ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.






