ന്യൂഡല്‍ഹി: ജെ.എന്‍.യു ആക്രമണം ആസൂത്രണം ചെയ്ത വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളായവരുടെ ഫോണുകള്‍ പിടിച്ചെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. ആക്രമണവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ വീണ്ടെടുക്കുന്നതിനാണ് ഫോണുകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കാടതി നിര്‍ദ്ദേശിച്ചത്. ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങള്‍ തങ്ങളുടെ സെര്‍വറുകളില്‍ നിന്ന് വീണ്ടെടുക്കാനാകില്ലെന്ന് വാട്സ്ആപ്പ് അധികൃതര്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഗ്രൂപ്പ് അംഗങ്ങളുടെ ഫോണില്‍ നിന്ന് നേരിട്ട് സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്ന് വാട്സ്ആപ്പ് അധികൃതര്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് ഫോണുകള്‍ പിടിച്ചെടുക്കാനുള്ള ഉത്തരവ്. ഫ്രണ്ട്സ് ഓഫ് ആര്.എസ്.എസ്, യൂണിറ്റി എഗനിസ്റ്റ് ലെഫ്റ്റ് എന്നീ ഗ്രൂപ്പുകളിലൂടെയാണ് ആക്രമണത്തിന്റെ ആസൂത്രണം നടന്നത്. ഈ രണ്ട് ഗ്രൂപ്പിലെയും അംഗങ്ങളുടെ ഫോണ്‍ പിടിച്ചെടുക്കാനാണ് കോടതി ഉത്തരവ്. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സമന്‍സ് നല്കി വിളിച്ചുവരുത്താനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജെ.എന്‍.യു ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പ്രൊഫസര്‍മാരാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങളും വാട്സ്ആപ്പ് സംഭാഷണങ്ങളും വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രൊഫസര്‍മാര്‍ കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്ന് കോടതി വാട്സ്ആപ്പിന്റെയും ഗൂഗിളിന്റെയും സഹായം തേടി. സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍വകലാശാലാ അധികൃതരോടും കോടതി നിര്‍ദ്ദേശിച്ചിരുന്നു.






