
കോഴിക്കോട് : കോഴിക്കോട് ബീച്ചാശുപത്രിയിലേയ്ക്ക് ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ക്രമക്കേടില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിന് വീണ്ടും കുരുക്ക്. ആര്‍സിഎച്ച് പദ്ധതിപ്രകാരം 34 ലക്ഷത്തോളം രൂപ ചെലവാക്കി കോഴിക്കോട് ബീച്ചാശുപത്രിയിലേയ്ക്ക് ഉപകരണങ്ങള്‍ വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് പുനരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
കേസില്‍ സൂരജിനെ പ്രതിസ്ഥാനത്തു നിന്നും നീക്കിയ നടപടി കോഴിക്കോട് വിജിലന്‍സ് കോടതി തളളി. കേസില്‍ പുനരന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയാണ് ടി.ഒ സൂരജ്.
2012 ലാണ് ഈ കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നത്. കേസില്‍ ഒന്നാം പ്രതിയായിരുന്ന ഡോ.വിജയനെയും രണ്ടാം പ്രതി സൂരജിനെയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയാണ് അന്വേഷണ സംഘം കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.






