ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ 22 ദിവസം വാദം നടക്കും. സുപ്രീം കോടതി സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. പത്ത് ദിവസം വീതം ഇരു വിഭാഗത്തിനും ഒന്‍പതംഗ ബെഞ്ചിന് മുമ്പാകെ വാദങ്ങള്‍ അവതരിപ്പിക്കാം. മറുപടി വാദത്തിനായി ഇരുപക്ഷത്തിനും ഓരോ ദിവസം വീതം നല്‍കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഫെബ്രുവരി മൂന്നിന് വിശാല ബെഞ്ച് ഹര്‍ജി പരിഗണിക്കും.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പ്രാഥമിക വാദം കേള്‍ക്കലില്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് സെക്രട്ടറി ജനറല്‍ യോഗം വിളിച്ചു ചേര്‍ത്തത്. കേസില്‍ വിവിധ കക്ഷികളുടെ അഭിഭാഷകര്‍ യോഗത്തില്‍ പങ്കെടുത്തു. വിശാല വിഷയങ്ങള്‍ ആയതിനാല്‍ ഓരോരുത്തരും ഏതെല്ലാം ഭാഗങ്ങള്‍ വാദിക്കണം എന്നതില്‍ വ്യക്തത വരുത്തുന്നതിനായിരുന്നു യോഗം ചേര്‍ന്നത്.
ശബരിമല യുവതീ പ്രവേശനവും മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനവും അടക്കമുള്ള വിഷയങ്ങള്‍ ഒന്‍പത് അംഗ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ദാവൂദി ബോറ വിഭാഗത്തിലെ സ്ത്രീകളുടെ ചേലാ കര്‍മ്മം, പാഴ്സി സ്ത്രീകളുടെ ആരാധനാലയ പ്രവേശനം തുടങ്ങിയ വിഷയങ്ങളും സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്.
മതവിശ്വാസവും ഭരണഘടനാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഏഴ് ചോദ്യങ്ങളാണ് ശബരിമല കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ബെഞ്ച് മുന്നോട്ട് വച്ചത്. ഈ ഏഴ് ചോദ്യങ്ങളാണ് ഒന്‍പത് അംഗ ബെഞ്ച് പരിഗണിക്കുന്നത്.






