
ബാംഗളൂര്‍ : പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുകയോ മലവിസര്‍ജനം നടത്തുകയോ മാലിന്യങ്ങള്‍ നിക്ഷേപിക്കുകയോ ചെയ്താല്‍ 500 മുതല്‍ 1000 രൂപ വരെ പിഴ ഈടാക്കുമെന്ന് ബാംഗളൂര്‍ കോര്പ്പറേഷന്. ബിബിഎംപി കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് വിഞ്ജാപനമിറക്കി. ഉടന്‍ തന്നെ നിയം പ്രാബല്യത്തില്‍ വരും.
നിയമം ലംഘിക്കുന്നവരെ കണ്ടെത്തി പിഴ ഈടാക്കുന്നതിനായി 400 ഓളം ജീവനക്കാരെ ചുമതലപ്പെടുത്തിയതായി ബിബിഎംപി ജോയിന്റ് കമ്മീഷണര്‍ സര്‍ഫറാസ് ഖാന് പറഞ്ഞു. പിഴ നല്‍കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാല്‍ ഒന്നില്‍ കൂടുതല്‍ പിഴ നല്‍കിയവരെ തിരിച്ചറിയാന്‍ സാധിക്കും. ജിപിഎസ് സംവിധാനമുള്ള ഉപകരണത്തിലാണ് വിവരങ്ങള്‍ ശേഖരിക്കുന്നതിനാല്‍ ലൊക്കേഷന്‍ അറിയാന്‍ സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. നഗരത്തില്‍ പലയിടത്തും മാലിന്യം കുന്നുകൂടുകയും വൃത്തിയില്ലാതാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ദിവസവും 6000 ടണ്‍ മാലിന്യങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നീക്കം ചെയ്യുന്നത്.






