
തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്ററിനോടും (എന്‍.പി.ആര്) ദേശീയ പൗര രജിസ്റ്ററിനോടും (എന്‍.ആര്.സി) സഹകരിക്കരുതെന്ന സി.പി.എം. ആഹ്വാനത്തിനു പിന്നാലെ, ഇക്കാര്യം ഔദ്യോഗികമായി കേന്ദ്രത്തെ അറിയിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു.
പൗര രജിസ്റ്ററുമായി സഹകരിക്കാനോ സംസ്ഥാനത്തു നടപ്പാക്കാനോ നിവൃത്തിയില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മിഷണറെ അറിയിക്കും. എന്നാല്‍, ആശങ്കാജനകമായ ചോദ്യങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ജനസംഖ്യാ കണക്കെടുപ്പുമായി സഹകരിക്കും. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണു തീരുമാനം.
ജനസംഖ്യാ കണക്കെടുപ്പിനെത്തുന്ന എന്യൂമറേറ്റര്‍മാര്‍ എന്‍.പി.ആര്. ആവശ്യത്തിനായി ചോദിക്കുന്ന വിവരങ്ങള്‍ നല്‍കരുതെന്നും രേഖകള്‍ ഹാജരാക്കരുതെന്നും കഴിഞ്ഞദിവസം സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തിരുവനന്തപുരത്ത് ആഹ്വാനം ചെയ്തിരുന്നു. ജനങ്ങളുടെ ആശങ്കയകറ്റുകയും ക്രമസമാധാനം ഉറപ്പുവരുത്തുകയും ചെയ്യേണ്ടതു സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നു മന്ത്രിസഭായോഗം വിലയിരുത്തി. എന്നാല്‍, സെന്‍സസ് പ്രക്രിയയുമായി പൂര്‍ണമായി സഹകരിക്കും.
ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്ന ഉദ്യോഗസ്ഥരെ ബാധിക്കുമെന്നതിനാല്‍ ''ആശങ്കാജനകമായ ചോദ്യങ്ങള്‍'' ഫോമില്‍നിന്ന് ഒഴിവാക്കാനാവില്ല. അതിനാല്‍, ജനനത്തീയതിയും മാതാപിതാക്കളുടെ ജനനസ്ഥലവും സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടി നല്‍കേണ്ടതില്ലെന്നു ജനങ്ങളെ അറിയിക്കാനാണു സര്‍ക്കാര്‍ തീരുമാനം. ദേശീയ പൗര രജിസ്റ്ററിനായുള്ള ആദ്യപടിയാണു ദേശീയ ജനസംഖ്യാ രജിസ്റ്ററെന്നും അതേക്കുറിച്ചു ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും മന്ത്രിസഭ വിലയിരുത്തി.
എന്‍.ആര്.സിയും എന്‍.പി.ആറും നടപ്പാക്കിയാല്‍ സംസ്ഥാനത്തു വ്യാപകമായ അരക്ഷിതാവസ്ഥയുണ്ടാകും. എന്‍.ആര്.സി. തയാറാക്കിയ സംസ്ഥാനങ്ങളിലെ അനുഭവം ഇതിന് ഉദാഹരണമാണ്. എന്‍.പി.ആറുമായി മുന്നോട്ടുപോയാല്‍ ക്രമസമാധാനനിലയെ ബാധിക്കുമെന്നു പോലീസും സെന്‍സസ് നടപടികളെ ബാധിക്കുമെന്നു ജില്ലാ കലക്ടര്‍മാരും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തി(സി.എ.എ)ന്റെ സാധുത ചോദ്യംചെയ്ത്, ഭരണഘടനയുടെ 131-ാം അനുഛേദപ്രകാരം സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്ത സാഹചര്യത്തിലാണു മന്ത്രിസഭാതീരുമാനം.
നിലവില്‍ എന്‍.പി.ആര്. പുതുക്കുന്ന നടപടി സംസ്ഥാനത്തു നിര്‍ത്തിവച്ചിരിക്കുകയാണ്. സി.എ.എയും എന്‍.സി.ആറും നടപ്പാക്കാനുള്ള കേന്ദ്രതീരുമാനത്തേത്തുടര്ന്ന് രാഷ്്രടീയകക്ഷികളുടെയും സാമൂഹിക-മത-സാമുദായിക സംഘടനകളുടെയും യോഗം കഴിഞ്ഞ 29-നു മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരുന്നു. തുടര്‍ന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരേ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയും സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.






