
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് വന്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ റിപ്പബ്ലിക് ദിനം ലത്തീന്‍ സഭ ഭരണഘടന സംരക്ഷണദിനമായി ആചരിക്കുന്നു. ജനുവരി 26 ആം തീയതി വരുന്ന ഞായറാഴ്ച കേരളത്തിൽ മുഴുവനുമുള്ള ലത്തീൻ ദൈവാലയങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്യും.
ഭരണഘടനാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം പാളയം കത്തീഡ്രലിൽ രാവിലെ 7 മണിക്കുള്ള ദിവ്യബലിക്കു ശേഷം സൂസപാക്യം മെത്രാപ്പോലീത്താ ഭരണഘടനാ ആമുഖം വായിക്കും. കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സഭയുടെ ഏകോപനസമിതിയായ കെആര്‍എല്‍സിസി ഭരണഘടന സംരക്ഷണദിനമായി റിപ്പബ്ലിക് ദിനം ആചരിക്കുവാന്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നടപടി.
വിവിധ അൽമായ സംഘടനകൾ ഇടവക തലത്തിൽ ഭരണഘടന സംരക്ഷണ-ബോധവല്‍ക്കരണ പരിപാടികളും ഈ ദിവസം സംഘടിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൗരത്വ വിഷയം രാജ്യമാകെ ചർച്ച ചെയ്യുന്ന ഈ അവസരത്തിൽ ഭരണഘടനയുടെ മൗലികത സംരക്ഷിക്കേണ്ടതിനായി ഇത്തരം പരിപാടികൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് തിരുവനന്തപുരം മീഡിയാ കമ്മീഷന് അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പൗരത്വം സംബന്ധിച്ച വിഷയങ്ങളില്‍ മതം ഒരു ഘടകമാക്കിയത് ഭരണഘടനകളുടെ അടിസ്ഥാന തത്വങ്ങളില്‍ ഉള്‍പ്പെടുന്ന മതേതരത്വത്തിനു വിരുദ്ധമാണെന്നും വിലയിരുത്തുന്നു.






