
ന്യൂഡല്‍ഹി: രൂക്ഷമായ വെട്ടുകിളി ആക്രമണത്തില്‍ കൃഷിനാശത്താല്‍ വലഞ്ഞ് രാജസ്ഥാനിലെ കര്‍ഷകര്‍. അറുപത് വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ വെട്ടുകിളി ആക്രമണത്തില്‍ മൂന്നര ലക്ഷം ഹെക്ടറുകളിലാണ് ആക്രമണം ഉണ്ടായിരക്കുന്നതയ് ശ്രീഗംഗാനഗര്‍, ജെയ്സാല്‍മര്‍, ബീകാനീര്‍, ജലോര്‍, ജോധ്പൂര്‍, ബാരാമര്‍, സിരോഹി, ചുരു, നഗൗര്‍, ഹനുമാന്‍ഗര്‍ എന്നിവിടങ്ങളിലാണ് വെട്ടുകിളി ആക്രമണം ഉണ്ടായിരിക്കുന്നത്.
ശ്രീഗംഗാനഗറിലാണ് ഏറ്റവും നാശം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് യിലാണ് ആദ്യം ഇത്തരം ആക്രമണം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തെക്കന്‍ പാകിസ്താനില്‍ നിന്നും വന്ന ലക്ഷക്കണക്കിന് വെട്ടുകളികള്‍ റാബി കൃഷി ഒന്നടങ്കം നശിപ്പിച്ചിരിക്കുകയാണ്. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള ഒന്നാംകൃഷിയില് വ്യാപകമായി നാശം നേരിട്ടു. പുല്‍ച്ചാടി വര്‍ഗ്ഗത്തില്‍ പെടുന്ന കൊമ്പുകളോടും നീണ്ട കാലുകളോടും കൂടിയ വെട്ടുകളികള്‍ ഒരുമിച്ചാണ് കൂട്ടമായിട്ടാണ് വിളകള്‍ നശിപ്പിക്കാനായി സാധാരണ എത്താറുള്ളത്. ഇതിന് മുമ്പ് രാജസ്ഥാനില്‍ വലിയ രീതിയിലുള്ള ഒരു വെട്ടുകിളി ആക്രമണം ഉണ്ടായത് 1993 ലായിരുന്നു. അന്ന് 3.1 ലക്ഷം ഹെക്ടറുകളിലാണ് കൃഷിനാശം ഉണ്ടായത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും മദ്ധ്യേഷ്യന്‍ രാജ്യങ്ങള്‍ കടന്ന് പാകിസ്താന് വഴിയാണ് രാജസ്ഥാനിലേക്ക് ഇവയെത്തുന്നത്. കാറ്റിനെ ആശ്രയിച്ച് സഞ്ചരിക്കുന്ന ഇവയ്ക്ക് മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ ദിവസം 200 കിലോമീറ്റര്‍ താണ്ടാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 80 ദശലക്ഷം വെട്ടുകളികള്‍ വരെയാണ് ഒരു വരവില്‍ ഉണ്ടാകുകയെന്നും പറയുന്നു.
ഇവയുടെ ആക്രമണത്തില്‍ വിളകളും പുല്ലുകളുമെല്ലാം നശിപ്പിക്കപ്പെടും. മതിയായ മഴ കിട്ടി മണ്ണില്‍ ഈര്‍പ്പവും മുളപൊട്ടലും നടന്ന് തളിരിലകള്‍ വന്നു തുടങ്ങു സമയത്താണ് സാധാരണഗതിയില്‍ ഇവയുടെ വരവ്. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു വെട്ടുകിളി രണ്ട് ഗ്രാം വരെ ദിവസവും ഭക്ഷിക്കാറുണ്ട്. ഒരു ചതുരശ്ര കിലോമീറ്റര്‍ ദൂരത്തില്‍ ഏകദേശം 40 ദശലക്ഷം വെട്ടുകളികള്‍ എങ്കിലും ഉണ്ടാകും. ഇവയെല്ലാം കൂടി തിന്നു തീര്‍ക്കുന്നത് 35,000 പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണത്തിന്റെ അളവോളം വരും. തളിരിലകള്‍, പൂക്കള്‍, ഫലങ്ങള്‍, വിത്ത, മരത്തൊലി, മൊട്ട് എന്നിവയെല്ലാം ഭക്ഷണമാക്കും. കൂട്ടം ഒരുമിച്ച് ചെടിയില്‍ ഇരിക്കുന്നതിനാല്‍ ഭാരം താങ്ങാനാകാതെ ചെടികള്‍ ഒടിഞ്ഞും നാശമുണ്ടാകും.
ശരിയായ സാഹചര്യം ഉണ്ടെങ്കില്‍ രണ്ടാഴ്ച സമയം കൊണ്ട് മുട്ട വിരിയും. കേവലം 30 - 40 ദിവസം കൊണ്ട് ഇവ പൂര്‍ണ്ണ വളര്‍ച്ചയിലെത്തും. മൂന്ന് മുതല്‍ അഞ്ച് മാസം വരെയാണ് ഇവയുടെ ആയുര്‍ദൈര്‍ഘ്യം. വളരെ ദുഷ്ക്കരവും ഉള്ളിലുള്ളതുമായ പ്രദേശത്താണ് ഇവ സാധാരണയായി കണ്ടു വരുന്നതെന്നതിനാല്‍ പ്രതിരോധ നടപടികളും ദുഷ്ക്കരമാണ്. കീടനാശിനിയാണ് ഇവയെ നശിപ്പിക്കാനായി സാധാരണ ഉപയോഗിച്ച് വരുന്ന രീതി. വെട്ടുകിളി ആക്രമണങ്ങളെക്കുറിച്ച് ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ഇസ്രായേലി അടിമകളെ സ്വതന്ത്രരാക്കാന്‍ വിസമ്മതിക്കുമ്പോള്‍ സംഭവിക്കുന്ന അത്യാഹിതങ്ങളില്‍ ഒന്നായി നല്‍കിയിരിക്കുന്ന ആവിഷ്ക്കാരം വെട്ടുകിളി ആക്രമണമാണ്.






