കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ മുഖ്യമന്ത്രിയെ തള്ളി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്. പോലീസ് നല്കിയ വിവരമനുസരിച്ചാണ് മുഖ്യമന്ത്രി പ്രവര്‍ത്തിച്ചത്. സര്‍ക്കാരിന് അങ്ങനെയെ ചെയ്യാനാകൂ. അലന് ഷുഹൈബും താഹയും കുട്ടികളാണ്. അവര്‍ക്ക് എന്തെങ്കിലും തെറ്റ് പറ്റിയാല്‍ തിരുത്തേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. പാര്‍ട്ടി ഒരു നടപടിയും അവര്‍ക്കെതിരെ സ്വീകരിച്ചിട്ടില്ല. അവരെ സംരക്ഷിക്കുന്നതില്‍ നിന്ന് പാര്‍ട്ടി പിന്മാറിയിട്ടില്ലെന്നും മോഹനന് വ്യക്തമാക്കി.
അലനും താഹയും സി.പി.എമ്മില്‍ നിന്നുകൊണ്ട് മറ്റൊരു ആശയത്തിനായി പ്രവര്‍ത്തിച്ചെങ്കില്‍ അംഗീകരിക്കാനാകില്ല. എന്നാല്‍ അങ്ങനെയൊന്ന് അന്വേഷണത്തില്‍ ഇനിയും തെളിയേണ്ടതുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിനാല്‍ കുട്ടികളുടെ ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. അതില്ലാതെ നടപടി എടുക്കാനുമാവില്ല. അവര്‍ നിരപരാധിത്വം തെളിയിച്ച് പുറത്തുവരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. യു.എ.പി.എ ചുമത്തിയത് ശരിയല്ലെന്ന് തന്നെയാണ് പാര്‍ട്ടി നിലപാട് എന്നും പി. മോഹനന് വ്യക്തമാക്കി.
പന്തീരാങ്കാവ് വിഷയത്തില്‍ അലന്റെയും താഹയും കുടുംബം വൈകാരികമായി പ്രതികരിക്കുന്നത്. പാര്‍ട്ടി അവരെ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി ഉണ്ടെങ്കില്‍ ഗൗരവമായി തന്നെ പരിശോധിക്കും. പാര്‍ലമെന്റില്‍ യു.എ.പി.എയ്ക്ക് അനുകൂലമായി നിലപാട് എടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിന്റെ കളങ്കം തീര്‍ക്കാനാവാം അവര്‍ ഇപ്പോള്‍ ഇടപെടുന്നത്. അലന്, താഹ വിഷയത്തില്‍ പി. ജയരാജന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പി. മോഹനന് അറിയിച്ചു.






