തിരുവനന്തപുരം: കൊറോണ വൈറസ് ആശങ്ക വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും അതീവ ജാഗ്രത. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. 288 പേര് സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവരെ നിരീക്ഷിക്കും. മുന്‍ കരുതലും ജാഗ്രതയും തുടരും ആരും ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രകടമായ കൊറോണ വൈറസ് ലക്ഷണങ്ങളോടെ ആശുപത്രികളിലുള്ള എട്ടില്‍ ആറ് പേരുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. ഇതിലൊന്നും പോസിറ്റീവ് കേസുകളില്ല. കൊച്ചിയില്‍ ചികിത്സയിലുള്ള പെരുമ്പാവൂര്‍ സ്വദേശിയും ഇതില്‍ ഉള്‍പ്പെടും. ഇതില്‍ രണ്ട് പേര്‍ക്ക് എച്ച്1എന്‍1 പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി പരിശോധനാ ഫലം കിട്ടാനുള്ള രണ്ട് കേസുകളും പോസിറ്റീവാകാനുള്ള ലക്ഷണങ്ങള്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഏതെങ്കിലും കേസുകള്‍ കൊറോണ പോസിറ്റീവ് ആയാല്‍ നേരിടാനുള്ള എല്ലാം സംവിധാനങ്ങളും സജജ്മാണ്. വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്നവരെ കണ്ടെത്താന്‍ ഒന്നിച്ചുനില്‍ക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. പ്രാദേശികമായി ആരോഗ്യപ്രവര്‍ത്തകരെ കൃത്യമായി വിവരം അറിയിക്കണം. നിരന്തരം അവരുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായി കാണാന്‍ 28 ദിവസം എടുക്കാറുണ്ട്. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന് മുമ്പ് തന്നെ മറ്റുള്ളവരിലേക്ക് പടരാനും സാധ്യതയുണ്ട്. അതിനാല്‍ പനി ബാധിച്ച നിലയിലുള്ള എല്ലാവരും തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തി ചികിത്സ തേടണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
ഇതിനിടെ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിലും മെഡിക്കല്‍ കോളജിലും ഒരുക്കിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കൊച്ചിയില്‍ എത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ സംഘം ഏര്പ്പെടുത്തിതിട്ടുള്ള സൗകര്യങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി.






