
ലക്നൗ : പേരയ്ക്ക വാങ്ങി തന്നില്ലെന്നാരോപിച്ച് ആറാം ക്ലാസുകാരനെ സഹപാഠികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊന്നു. പതിനൊന്ന് വയസുകാരനായ ഫര്‍മീന്‍ ഖുറേശിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ലാഖിംപൂര്‍ ജില്ലയിലെ അമിര്നഗര് ഗ്രാമത്തിലുള്ള സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു.
ശനിയാഴ്ചയാണ് ഇവര്‍ തമ്മിലുള്ള വഴക്ക് ആരംഭിക്കുന്നത്. അന്നേ ദിവസം സ്കൂള്‍ ഇന്റര്‍വെല്‍ സമയത്ത് അടുത്തുള്ള കടയിലേക്ക് പേരയ്ക്ക വാങ്ങാന്‍ പോയതായിരുന്നു ഫര്‍മീന്‍. ഇതിനിടെ തങ്ങള്‍ക്കും പേരയ്ക്ക വേണമെന്ന് സഹപാഠികള്‍ പറയുകയായിരുന്നു. എന്നാല്‍ ഫര്‍മീന്‍ അവരുടെ ആവിശ്യം ചെവിക്കൊണ്ടില്ല. ഇതില്‍ ദേഷ്യം വന്ന വിദ്യാര്‍ത്ഥികള്‍ ഫര്മീനുമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ബന്ധുവിനൊപ്പം സ്കൂളില്‍ വന്ന ഫര്മീനെ മൂന്ന് പേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഇത് കണ്ട ജീവനക്കാരന് കുട്ടികളെ തള്ളി മാറ്റുകയും തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിതീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചെന്ന് പോലീസ് പറഞ്ഞു.
വിദ്യാര്‍ത്ഥികളില്‍ ഒരാളായ കുട്ടിയുടെ നെഞ്ചില്‍ കയറിയിരുന്ന് മര്‍ദ്ദിച്ചതാണ് മരണ കാരണമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സ്കൂള്‍ അദ്ധ്യാപകന്റെ മുന്നില്‍ വെച്ചാണ് കുട്ടികള്‍ തല്ല കൂടിയതെന്ന് കൂടെയുണ്ടായിരുന്ന മരുമകന് പറഞ്ഞതായും സൈമൂര്‍ ആരോപിച്ചു. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മൂന്ന് കുട്ടികള്‍ക്കെതിരെ പോലീസ് കൊലപാതക കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പറഞ്ഞു. എന്നാല്‍ കൊല്ലാന്‍ വേണ്ടിയല്ല മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിനോട് പറഞ്ഞു.






