ന്യൂഡല്‍ഹി: ജാമിയയിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ അക്രമി വെടിയുതിര്‍ത്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ ഡല്‍ഹി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയതായി അമിത് ഷാ ട്വീറ്റ് ചെയ്തു. അക്രമിക്ക് ശിക്ഷ ഉറപ്പുവരുത്തും. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാകില്ല. വിഷയം കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാംഭക്ത് എന്നയാളാണ് ജാമിയയിലെ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആക്രമണം നടത്തുന്നതിന് മുമ്പ് ഇയാള്‍ ഫെയ്സ്ബുക്ക് ലൈവില്‍ വരികയും ചെയ്തിരുന്നു.ഡല്‍ഹി പോലീസ് നോക്കി നില്‍ക്കെയായിരുന്നു അക്രമം. വെടിവയ്പ്പില്‍ ഷദാബ് ഫറൂഖ് എന്ന വിദ്യാര്‍ത്ഥിയുടെ കൈയ്ക്ക് പരുക്കേറ്റിരുന്നു. അക്രമിയുടെ ബി.ജെ.പി-സംഘപരിവാര്‍ അനുഭാവം വ്യക്തമാക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകളും പുറത്തുവന്നിട്ടുണ്ട്.
ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ ഉടനടി റിപ്പോര്‍ട്ട് തേടിയത്. കേന്ദ്രസര്‍ക്കാരിന് കീഴിലാണ് ഡല്‍ഹി പോലീസ് പ്രവര്‍ത്തിക്കുന്നത്. അതേസമയം ഡല്‍ഹിയിലെ ക്രമസമാധാന നില വഷളായിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കുറ്റപ്പെടുത്തി.






