
പാതയോരത്തെ പുറമ്പോക്കില്‍ ഒരു കുടില്‍. നാടന്‍ ഭാഷയില്‍ ചെറ്റക്കുടില് എന്നു പറയുന്നതുപോലെയൊന്ന്. അതിനു പിന്നിലൂടെ ചെറിയൊരു കനാല്‍. സ്വന്തമായി ഒരു സെന്റ് ഭൂമിയില്ലാത്തതുകൊണ്ടാണ് അവിടെ കഴിയേണ്ടിവരുന്നത്. ആറര പതിറ്റാണ്ടിലേറെയായി പിന്നാക്ക, അധഃസ്ഥിത ജനതയുടെ കൂടെ ജീവിച്ച, ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ക്കൊപ്പം വളര്‍ന്ന ഒരു നേതാവിന്റെ വാസസ്ഥലമാണത്. എം.കെ. കുഞ്ഞോലാണ് ആ വലിയ മനുഷ്യന്. ആ കുടിലിലേക്കാണ് ഇത്തവണ പത്മശ്രീ പുരസ്കാരമെത്തിയത്. പഴയകാലത്ത് പണച്ചാക്കുകള്‍ പത്മ പുരസ്കാരങ്ങള്‍ക്കായി പടവെട്ടുന്നത് നാം കണ്ടിട്ടുണ്ടല്ലോ. അതിനെച്ചൊല്ലി മനോഹരമായ ഒരു ചലച്ചിത്രം മലയാളത്തില്‍ ഉണ്ടായിട്ടുമുണ്ട്. അതിനൊക്കെയിടയിലാണ് ആരോരുമറിയാതെ, ഒരു ശിപാര്‍ശയുമില്ലാതെ, ഈ കുടിലിലേക്ക് രാഷ്്രടത്തിന്റെ പുരസ്കാരമെത്തുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തെ അനുമോദിക്കാനും അനുഗ്രഹം തേടാനും ഭാഗ്യമുണ്ടായി. കുറെയേറെ പഴയ സ്മരണകള്‍ മനസിലേക്ക് ഓടിയെത്താന്‍ ആ സന്ദര്‍ശനം സഹായകമായി.
കുഞ്ഞോല്‍ മാഷിനെ എന്നാണു പരിചയപ്പെട്ടതെന്നതു പറയാനാകുന്നില്ല; അത്രയേറെക്കാലത്തെ പഴക്കമുണ്ട് ആ ബന്ധത്തിന്. ഒന്നുറപ്പ്, 1982 കാലഘട്ടത്തില്‍ വിശാല ഹിന്ദു സമ്മേളനം കൊച്ചിയില്‍ നടക്കുമ്പോഴാണ് ആ സൗഹൃദം ശക്തമായത്. ഒറ്റമുണ്ടും ഒരു ഷര്‍ട്ടും തോളില്‍ ഒരു തോര്‍ത്തുമായി എത്തുന്ന കുഞ്ഞോല്‍ മാഷ്. ലളിതമായ ജീവിതശൈലി; ലാളിത്യമുള്ള സംസാരം; എന്നാല്‍ അതില്‍ ഗൗരവവും ആഴവുമേറെയുണ്ട്. പിന്നീടാണ് ക്ഷേത്രവിമോചന സമരം രൂപപ്പെടുന്നത്. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലേക്ക് അഹിന്ദുവിനെ നിയമിച്ചതാണ് അതിലേക്കു കാര്യങ്ങളെത്തിച്ചതെന്ന് പറയാമെന്നു തോന്നുന്നു; ഇടതു സര്‍ക്കാരിന്റെ ആ നടപടി ഹിന്ദു സമൂഹത്തിലുണ്ടായിരുന്ന വികാരത്തെ ഉണര്ത്തിയെടുത്തു. സംഘപ്രസ്ഥാനങ്ങള്‍ ചേര്‍ന്നാണ് അന്ന് ആ പ്രക്ഷോഭത്തിന് നേതൃത്വമേകിയതെങ്കിലും കേരളത്തിലെയും പുറത്തെയും സന്യാസിവര്യന്മാരുടെ പിന്തുണയുമുണ്ടായിരുന്നു.
കാഞ്ചി ശങ്കരാചാര്യ സ്വാമികളും മറ്റും സഹകരിച്ചതും ആശീര്‍വദിച്ചതും പ്രധാനമാണല്ലോ. ദീര്‍ഘനാള്‍ ഗുരുവായൂരില്‍ നടന്ന സത്യഗ്രഹവും മറ്റും. അതിനൊപ്പം കുഞ്ഞോല്‍ മാഷുമുണ്ടായിരുന്നു. അതായത്, സംഘപ്രസ്ഥാനങ്ങളുമായി കുഞ്ഞോല്‍ മാഷിന്റെ ദൃഢ ബന്ധത്തിന് നാല് നാലര പതിറ്റാണ്ടിന്റെ പഴക്കമെങ്കിലുമുണ്ട്. എന്നും അദ്ദേഹം ഹിന്ദുക്കളിലെ അധഃസ്ഥിത വിഭാഗക്കാര്‍ക്കൊപ്പം ജീവിക്കാനാണ് ശ്രദ്ധിച്ചത്. പട്ടികജാതി കോളനികളില്‍ അദ്ദേഹത്തെ അക്ഷരാര്‍ഥത്തില്‍ ആരാധിച്ചിരുന്നവര്‍ അനവധിയായിരുന്നു. അവര്‍ക്കൊക്കെ അദ്ദേഹം വിശ്വസ്തനും സംരക്ഷകനുമായിരുന്നു. രാഷ്്രടീയമൊന്നുമില്ല, ആകെയുള്ള ചിന്ത തന്റെ സമുദായത്തില്‍പ്പെട്ടവരുടെ, പിന്നാക്കക്കാരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുക എന്നതുതന്നെ. അത്രയേറെ ആ മേഖലയില്‍ ബന്ധമുള്ള ഒരാളെ സംഘപ്രസ്ഥാനത്തിനൊപ്പം ലഭിച്ചത് ചെറിയ കാര്യമായിരുന്നില്ല.
ഇടക്കാലത്ത് അദ്ദേഹം ബി.ജെ.പിയുടെ നേതൃനിരയിലുമെത്തി. കെ.ജി. മാരാര്‍ ബി.ജെ.പി. അധ്യക്ഷനായ വേളയില്‍ കുഞ്ഞോല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി നിയമിതനായി. മാരാര്‍ജി നേരിട്ട് കുറുപ്പംപടിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി ചുമതല ഏറ്റെടുക്കാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. സാമ്പത്തികമായി വല്ലാത്ത ബുദ്ധിമുട്ട് എന്നും അദ്ദേഹം അനുഭവിച്ചിരുന്നു. ഒരാളോടും ഒന്നും ചോദിക്കില്ല; ജീവിതം സമാജത്തിനു വേണ്ടി സമര്‍പ്പിച്ച ഒരാള്‍ക്ക് അങ്ങനെയല്ലേ ജീവിക്കാനാകൂ. ബി.ജെ.പി. അന്ന് പൂര്‍ണസമയ പ്രവര്‍ത്തകരെ എങ്ങനെയാണോ കണക്കാക്കിയിരുന്നത് അതേ അംഗീകാരം കുഞ്ഞോലിനും നല്കി. കെ.ജി. മാരാര്‍, ഒ. രാജഗോപാല്‍, കെ. രാമന് പിള്ള, സി.കെ. പത്മനാഭന്, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, വി.എന്‍. ഉണ്ണി, ഒ.ജി. തങ്കപ്പന്, വി. രാമന്‍കുട്ടി, കെ.പി. അറുമുഖന്, പി. രാഘവന് തുടങ്ങിയ അന്നത്തെ പൂര്‍ണസമയ പ്രവര്‍ത്തകരുടെ നിരയിലേക്ക് അദ്ദേഹവുമെത്തി എന്നര്‍ത്ഥം.
അക്കാലത്ത് ഒരാള്‍ക്കു കഷ്ടിച്ച് ജീവിക്കാന്‍ ആവശ്യമായ തുകയാണ് പാര്‍ട്ടി നല്‍കിയിരുന്നത്. എന്നാല്‍ അന്ന് അദ്ദേഹത്തിന്റെ യാത്രകള്‍, താമസം എന്നിവ സംബന്ധിച്ച് പ്രത്യേകം വ്യവസ്ഥയുണ്ടാക്കാന്‍ ബി.ജെ.പി. ശ്രദ്ധിച്ചിരുന്നു. അതിന് മാരാര്‍ജി തന്നെ നിര്‍ദേശവും നല്‍കിയിരുന്നു. കേരളമൊട്ടുക്കും അക്കാലത്ത് കുഞ്ഞോല്‍ യാത്ര ചെയ്തിരുന്നു; സംഘടനാ പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു.കുഞ്ഞോല്‍ മാഷിന്റെ ഒരു പ്രത്യേകത, വളരെ നന്നായി ഓരോ വിഷയവും പഠിക്കുമെന്നതാണ്. അത് പൊതുവേദിയില്‍ ഭംഗിയായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായിരുന്നു. പട്ടികജാതിക്കാരുടെ പ്രശ്നങ്ങളാണെങ്കില്‍ അതൊരു വൈകാരിക പ്രശ്നമായി കാണുകയും ചെയ്തിരുന്നു. അവരിലൊരാളായി നിന്ന് അവരെ വിശ്വാസത്തിലെടുക്കാന്‍ അദ്ദേഹത്തിന് എളുപ്പം സാധിച്ചിരുന്നു.ആരെങ്കിലും ഒരു പ്രയാസം പറഞ്ഞാല്‍ പിന്നെ അതിന്റെ പിന്നാലെയായി. കൈയില്‍ ഒന്നുമില്ല, അതാരോടും പറയുകയില്ല. നടന്നും പട്ടിണി കിടന്നും സമാജത്തെ സേവിക്കുക. അതൊക്കെ അപൂര്‍വമാണല്ലോ ഇക്കാലത്ത്.
ഇവിടെ ഓര്‍ക്കേണ്ടത്, 60 വര്‍ഷം മുമ്പേ ബിരുദമെടുത്തയാളാണ് അദ്ദേഹമെന്നതാണ്; ബി.എസ്സി. അതും പട്ടികജാതിക്കാരനായ ഒരാള്‍. അന്ന് ആഗ്രഹമുള്ള എന്തു ജോലിയും അദ്ദേഹത്തിന് ലഭിക്കുമായിരുന്നു. എന്നാല്‍ ജോലിക്കല്ല, ഡോക്ടറാകാനാണു പോയത്. എംബിബിഎസിന്. ജനങ്ങളെ സേവിക്കാന്‍ ഡോക്ടറാകുന്നതാണു നല്ലതെന്ന് അദ്ദേഹം കരുതി. രണ്ടുവര്‍ഷം മെഡിക്കല്‍ കോളേജില്‍ പഠിച്ചു. എന്നാല്‍ അവിടെ അന്നുണ്ടായ വിഷമങ്ങള്‍ കൊണ്ട് കോളേജ് വിട്ടിറങ്ങേണ്ടിവന്നു. അന്നും ജോലിക്ക് ശ്രമിച്ചിരുന്നുവെങ്കില്‍ സര്‍ക്കാര്‍ സര്‍വീസിലോ അധ്യാപകനായോ ഒക്കെ കയറിക്കൂടാമായിരുന്നു; എങ്കില്‍ ഏത് നിലയിലെത്തുമായിരുന്നു! പക്ഷേ അതിനൊന്നുമല്ല അദ്ദേഹം പോയത്. പട്ടിക ജാതിക്കാരുടെ, സ്വസമുദായത്തില്‍ പെട്ടവരുടെ അവശതകള്‍ പരിഹരിക്കാന്‍. അതാണ് കുഞ്ഞോല്‍ മാഷിനെ വേറിട്ടവനാക്കുന്നത്.
ഇപ്പോഴും ജീവിതം തള്ളിനീക്കാന്‍ പ്രയാസമാണ്. ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകളുടെ ഭാരവാഹിത്വമുണ്ട്.. ഒരു ഗുരുവിനെപ്പോലെ, മാര്ഗദര്ശിയെപ്പോലെ അവര്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അവര്‍ കുറെ സഹായിക്കാറുണ്ട്. ഒരിക്കല്‍ വീടുവയ്ക്കാന്‍ കുറച്ചുസ്ഥലം വാങ്ങിക്കൊടുത്തു; പക്ഷെ അത് അദ്ദേഹം മകനു കൊടുത്തു. മറ്റൊരു വീട് വച്ചുകൊടുക്കാന്‍ സേവാഭാരതി നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞദിവസം കണ്ടപ്പോള്‍ ചോദിച്ചു..... നേരത്തെ അറിഞ്ഞിരുന്നോ ഇങ്ങനെ ഒരു പുരസ്കാരം വരുന്നുണ്ടെന്ന്? ഇല്ല, അദ്ദേഹം അറിഞ്ഞിരുന്നില്ല. പുരസ്കാരം പ്രഖ്യാപിച്ച ദിവസം രാവിലെ ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന് വിളിച്ചു; പേര് ചോദിച്ചു; പേരിന്റെ സ്പെല്ലിങ്ങും. തെറ്റാതിരിക്കാന്‍ വേണ്ടിയാണ് സ്പെല്ലിങ് ചോദിച്ചതെന്നു മാത്രം പറഞ്ഞുത്രേ. അപ്പോഴും പത്മശ്രീക്കു വേണ്ടിയാണെന്നറിഞ്ഞില്ല. അതാണ് ഇപ്പോഴത്തെ പത്മ പുരസ്കാരത്തിന്റെ കാര്യം. ഇതൊക്കെയാണെങ്കിലും കുഞ്ഞോല്‍ മാഷ് പഴയതുപോലെ. ആ കുടിലില്‍ സന്തോഷവാനായി കഴിയുന്നു. സന്ദര്‍ശകര്‍ കൂടുന്നുണ്ട്. അവരെ ഇരുത്താനായി കുടിലിനു പുറത്ത് ഒരു ടാര്‍പോളിന്‍ വലിച്ചുകെട്ടിയിരിക്കുന്നു, അവിടെ അഞ്ചാറ് പ്ലാസ്റ്റിക് കസേരകളും. അതേയുള്ളു അവിടെ വ്യത്യാസം. ഒന്നുകൂടി പറയാനുണ്ട്...... ഈ വാര്‍ത്തകള്‍ വരുമ്പോഴും സന്ദര്‍ശകര്‍ കൂടുമ്പോഴും അദ്ദേഹത്തിന്റെ ഭാര്യ രാവിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിക്കു പോകുന്നു. ഇങ്ങനെയുള്ളവര്‍ക്ക് പത്മ പുരസ്കാരങ്ങള്‍ എത്തിക്കാന്‍ നരേന്ദ്ര മോഡിക്കല്ലാതെ ആര്‍ക്കാണു കഴിയുക.
സത്യം അപ്രിയം / കെ.വി.എസ് ഹരിദാസ്






