
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം. അപകടസമയത്ത് ശ്രീറാമിനൊപ്പം വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസ് ആണ് രണ്ടാം പ്രതി. മദ്യാപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്ഷന് ഇക്കഴിഞ്ഞ ദിവസമാണ് 90 ദിവസം കൂടി നീട്ടിയത്. മൂന്നു മാസത്തേയ്ക്ക്(90 ദിവസം) സസ്പെന്ഷന് നീട്ടിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവിട്ടത്. ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ തള്ളിക്കൊണ്ടായിരുന്നു് മുഖ്യമന്ത്രിയുടെ ഉത്തരവ്.
നിലവിലെ സസ്പെന്ഷന് കാലാവധി അവസാനിക്കാനിരിക്കെയാണ് മുഖ്യമന്ത്രി സസ്പെന്ഷന് മൂന്നു മാസം കൂടി നീട്ടിയത്. ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതിയാണ് ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ മുഖയമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്.
ആറു മാസമായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്ഷന് കാലാവധി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ കമ്മീഷനെ സര്‍ക്കാര്‍ നേരത്തെ നിയമിച്ചിരുന്നു. ഈ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വരാനിരിക്കെയാണ് സര്‍വീസില്‍ തിരിച്ചടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശുപാര്‍ശ നല്‍കിയത്.
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഓഗസ്റ്റ് അഞ്ചിനാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സര്‍വേ ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് ഓഗസ്റ്റ് ആറിന് കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്.






