
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിശാല ബെഞ്ച് രൂപീകരിച്ച സുപ്രീംകോടതി നടപടിയെ ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകന് ഫാലി എസ്. നരിമാന്. നിയമ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന ഹര്‍ജികളിലാണ് കോടതി ഇടപെടേണ്ടത്. അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ വിശാലബെഞ്ച് രൂപീകരിക്കാന്‍ പോലും കോടതിക്ക് അധികാരമില്ലെന്നും നരിമാന് പറഞ്ഞു.
അതേസമയം നരിമാന്റെ വാദത്തെ അഭിഭാഷകരായ കപില്‍ സിബലും മനു അഭിഷേക് സിംഗ്വിയും രാകേഷ് ദ്വിവേദിയും പിന്തുണച്ചു. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രമേ ഒമ്പതംഗ ബെഞ്ച് പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട. അതിനാല്‍ ശബരിമല പുന:പരിശോധന ഹര്‍ജികളില്‍ അന്തിമവിധി അഞ്ചംഗ ബെഞ്ച് പറയും. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രമേ ഒന്‍പതംഗ ബെഞ്ച് പരിഗണിക്കൂ.
എന്നാല്‍ വിഷയത്തില്‍ വിശാല ബെഞ്ച് രൂപീകരിച്ചതിനെ അനുകൂലിച്ച് കേന്ദ്ര സര്‍ക്കാരും കോടതിയില്‍ രംഗത്തെത്തി. സമാനമായ വിഷയങ്ങള്‍ പരിഗണിക്കുന്നതില്‍ വിശാലബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.






