
ന്യൂഡല്ഹി: ഡല്ഹിയില് ബി.ജെ.പി അധികാരത്തില് എത്തിയാല് ഷഹീന്ബാഗിലെ സമരപ്പന്തല് പൊളിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള സമരമാണ് ഷഹീന്ബാഗില് നടക്കുന്നതെന്നും മുരളീധരന് പറഞ്ഞു. തിരഞ്ഞെടുപ്പിന് അഞ്ച് ദിവസങ്ങള് മാത്രം ശേഷിക്കേ മലയാളി വോട്ടര്മാരെ സ്വാധീനിക്കാന് കേരളത്തില് നിന്നുള്ള നേതാക്കളെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കുകയാണ് ബി.ജെ.പി.
ഡല്ഹി നിയമസഭാ തിരഞ്ഞെടുപ്പില് ഏറ്റവുമധികം ചര്ച്ചയാകുന്ന വിഷയമാണ് ഷഹീന്ബാഗ് സമരം. ആഭ്യന്തര മന്ത്രി അമിത് ഷാ മുതല് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരെയുള്ളവര് ബി.ജെ.പിക്ക് വേണ്ടി ഡല്ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില് സജീവമാണ്. ഡല്ഹിയില് പ്രചാരണത്തിന് എത്തുന്ന എല്ലാ നേതാക്കളും ഷഹീന്ബാഗ് വിഷയമാക്കുന്നുണ്ട്.
പൗരത്വ നിയമത്തിന് പുറമെ ശബരിമല വിഷയവും ഡല്ഹിയില് പ്രചാരണ വിഷയമാണ്. മെഹ്റോളി, ആര്.കെ പുരം, സീമാപുരി, ദില്ഷാദ് ഗാര്ഡന് തുടങ്ങിയ സ്ഥലങ്ങളിലാണ് സംസ്ഥാന നേതാക്കളുടെ പ്രചാരണം. വരും ദിവസങ്ങളില് അല്ഫോണ്സ് കണ്ണന്താനം, സുരേഷ് ഗോപി, കെ. സുരേന്ദ്രന് തുടങ്ങിയവര് പ്രചാരണത്തിനിറങ്ങും.







Comments