
ന്യുഡൽഹി: ഷഹീൻ ബാഗിൽ പൗരത്വ ദേഭഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക് സമീപം വെടിവയ്പ് നടത്തിയ കപീൽ ഗുജ്ജാറിന് ഒരു പാർട്ടിയുമായി ബന്ധമില്ലെന്ന് കുടുംബം. ഗുജ്ജാറും പിതാവും ആം ആദ്മി പാർട്ടിയുടെ പ്രവർത്തകരാണെന്നും കഴിഞ്ഞ വർഷം അംഗത്വം സ്വീകരിക്കുന്ന ചിത്രമുണ്ടെന്നും പോലീസ് പറഞ്ഞതിനു പിന്നാലെയാണ് പോലീസിനെ തിരുത്തി കുടുംബം രംഗത്തെത്തുന്നത്.
ഗുജ്ജാറിനും കുടുംബത്തിലെ മറ്റാർക്കും എഎപിയിലോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗത്വമില്ല. എങ്ങനെയാണ് അത്തരമൊരു ചിത്രം പ്രചരിക്കുന്നതെന്നു അറിയില്ലെന്നും കപിൽ ഗുജ്ജാറിന്റെ പിതൃസഹോദരൻ ഫതേഷ് സിംഗ് പറഞ്ഞു. തന്റെ സഹോദരൻ ചൗധരി ഗജെ സിംഗ് (കപിലിന്റെ പിതാവ്) ബി.എസ്.പി ടിക്കറ്റിൽ 2008ൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതിനു ശേഷം കുടുംബത്തിലെ ആർക്കും ഒരു പാർട്ടിയുമായി ബന്ധമില്ലെന്നും ഫതേഷ് സിംഗ് പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവരും കപിൽ ഗുജ്ജാറിന്റെ സുഹൃത്ത് അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശനിയാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിനു നേർക്കാണ് കപിൽ ഗുജ്ജാർ വെടിവച്ചത്. 'ഹിന്ദുവല്ലാതെ മറ്റൊരു സമുദായവും ഈ രാജ്യത്ത് ജീവിക്കേണ്ട' എന്നാക്രോശിച്ചുകൊണ്ടായിരുന്നു വെടിവയ്പ്. തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
ഗുജ്ജാറിന്റെ മൊബൈൽ ഫോണിൽ നിന്നാണ് അയാളും പിതാവും എഎപി മുതിർന്ന നേതാക്കളുശട സാന്നിധ്യത്തിൽ പാർട്ടിയിൽ ചേരുന്ന ചിത്രം ലഭിച്ചതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ രാജേഷ് ദിയോ പറഞ്ഞിരുന്നു. ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് കടന്ന സമയത്ത് പോലീസിന്റെ ഈ പ്രഖ്യാപനംബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തിരുന്നു. എഎപി രാഷ്ട്രീയ നേട്ടത്തിനായി യുവാക്കളെ ദുരുപയോഗിക്കുകയാണെന്നും വോട്ടിനു വേണ്ടി സ്ഥിരമായി സംഘർഷങ്ങൾ സൃഷ്ടിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.
എന്നാൽ ആരോപണം തള്ളിക്കളഞ്ഞ എഎപി, ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ മറ്റൊരു ഉദാഹരണമാണെന്നും മറുപടി നൽകി.






