
ന്യൂഡ്യൽഹി : തെറ്റായ വിവരങ്ങൾ നൽകി സഭയെ തെറ്റിദ്ധരിപ്പിച്ചതിന് ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിനെതിരെ എളമരം കരീം എംപി രാജ്യസഭയിൽ അവകാശലംഘന നോട്ടീസ് നൽകി. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന് ശേഷം 2019 ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വിനോദസഞ്ചാര മേഖലയിലുണ്ടായ വരുമാനനഷ്ടത്തെക്കുറിച്ചായിരുന്നു ചോദ്യം. അത്തരത്തിലുള്ള രേഖകൾ സർക്കാർ സൂക്ഷിക്കാറില്ല എന്നാണ് മന്ത്രി സഭയെ അറിയിച്ചത്.
എന്നാൽ വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലൂടെ കുറഞ്ഞത് 71 ശതമാനം നഷ്ടമുണ്ടായെന്ന് വ്യക്തമായെന്നും വസ്തുത മറച്ചുവെച്ച് സഭയെ മനപ്പൂർവം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു മന്ത്രി ചെയ്തതെന്നും എളമരം കരീം അവകാശംഘന നോട്ടീസിൽ പറഞ്ഞു.






