
സൂറത്ത് : കൊറോണ വൈറസ് ബാധ ഉണ്ടെന്ന് സംശയം ഗുജറാത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വ്യകതി രക്തസാംപിള്‍ നല്‍കാതെ കടന്ന് കളഞ്ഞു. സൂറത്തിലെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന നാല്‍പ്പത്തിയൊന്നുകാരനാണ് ആശുപത്രിയില്‍ ആരെയും അറിയിക്കാതെ കടന്ന് കളഞ്ഞതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ പോലീസിലും ജില്ലാ ഭരണകൂടത്തെയും അറിയിച്ചതോടെ രക്തസാംപിള്‍ നല്കാന് അദ്ദേഹം തിരികെ എത്തുമെന്നാണ് കുടുംബങ്ങളുടെ നിലപാട്.
ഇയാള്‍ക്ക് അണുബാധ ഉണ്ടാകാം എന്ന് ഭയത്തിലായിരിക്കാം ആശുപത്രിയില്‍ നിന്ന് ആരോടും പറയാതെ പോയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ അയാള്‍ തിരികെ എത്തി രക്തസാംപിള്‍ നല്‍കിയാലെ പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിലും അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ആശുപത്രി അധികൃതര്‍ മുന്നറിയിപ്പ് നല്കി. ജനുവരി 19 നാണ് ഇയാള്‍ ചൈനയില്‍ നിന്ന് തിരികെ എത്തുന്നത്.
അതേസമയം ഗുജറാത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നീരീക്ഷണത്തില്‍ കഴിഞ്ഞ അഞ്ച് പേരില്‍ മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ചൈനയില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഗുജറാത്തില്‍ എത്തിയ 769 യാത്രക്കാരില്‍ 622 പേരെ നിരീക്ഷിച്ച് വരികയാണ് എന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അഹമ്മദാബാദില്‍ 195 പേരും മെഹ്സാനയില്‍ 70 പേരും രാജ്കോട്ടില്‍ 47 പേരുമാണ് നിരീക്ഷണത്തിലുള്ളത്.




