
ലക്നൗ: അഖില ഭാരതീയ ഹിന്ദുമഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചന് വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ടാം ഭാര്യയും കാമുകനും അറസ്റ്റില്‍. ഹിന്ദുമഹാസഭാ ഉത്തര്‍പ്രദേശ് അധ്യക്ഷനായ രഞ്ജിത്ത് ബച്ചന് കഴിഞ്ഞ ഞായറാഴ്ച പ്രഭാത നടത്തത്തിനിടെയാണ് വെടിയേറ്റ് മരിച്ചത്. രഞ്ജിത്തിനു നേര്‍ക്ക് വെടിയുതിര്‍ത്ത ജിതേന്ദ്ര എന്നയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
സംഭവത്തില്‍ രഞ്ജിത്തിന്റെ രണ്ടാം ഭാര്യ സ്മൃതി ശ്രീവാസ്തവ, സ്മൃതിയുടെ കാമുകന് ദീപേന്ദ്ര, ഡ്രൈവര്‍ സഞ്ജീവ് ഗൗതം എന്നിവരാണ് വ്യാഴാഴ്ച അറസ്റ്റിലായിരിക്കുന്നത്. 2016 മുതല്‍ കുടുംബകോടതിയില്‍ ഇവരുടെ വിവാഹമോചന കേസ് നടന്നുവരികയാണ്. ജനുവരി 17 ന് രഞ്ജിത്തും സ്മൃതിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ സ്മൃതിയെ രഞ്ജിത്ത് മര്‍ദ്ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പോലീസ് കമ്മീഷണര്‍ അറിയിച്ചു.
രഞ്ജിത്തില്‍ നിന്ന് വിവാഹമോചനം നേടാനും ദീപേന്ദ്രയെ വിവാഹം ചെയ്യാനും സ്മൃതി ആഗ്രഹിച്ചിരുന്നു. എന്നാല്‍ സ്മൃതിക്ക് വിവാഹമോചനം നല്കാന് രഞ്ജിത്ത് തയാറായിരുന്നില്ല. ഇതാണ് കൊലപാതകത്തിലേയ്ക്കും നയിച്ചത്. കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കങ്ങളോ വസ്തു തര്‍ക്കങ്ങളോ കാരണങ്ങളായിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാവിലെ രഞ്ജിത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ അദേഹത്തിന്റെ സഹോദരനും പരിക്കേറ്റിരുന്നു. ഷാള്‍ കൊണ്ട് മൂടിപ്പുതച്ച് വന്നയാളാണ് രഞ്ജിത്തിനു നേര്‍ക്ക് വെടിയുതിര്‍ത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പുറത്തുവിട്ടിരുന്നു.






