
ടെക്സാസ്: ഭാര്യയേയും രണ്ട് പെണ്മക്കളെയും ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചു പേരെ വെടിവച്ച് കൊലപ്പെടുത്തി പ്രതിക്ക് 17 വര്‍ഷത്തിനു ശേഷം അമേരിക്ക വധശിക്ഷ നടപ്പാക്കി. ടെക്സാസിലെ ഹണ്ട്സ്വില്ലെയിലെയില് വ്യാഴാഴ്ച വൈകിട്ട് 6.48നാണ് മരണം സ്ഥിരീകരിച്ചത്. ലെഥാല് ഇന്ജക്ഷന് വഴിയാണ് മരണശിക്ഷ നടപ്പാക്കിയത്.
2002ലാണ് അബേല്‍ ഒകോവ (47) 29കാരിയായ ഭാര്യ, രണ്ട് പെണ്മക്കള്, ഭാര്യയുടെ പിതാവ്, ഭാര്യയുടെ സഹോദരി എന്നിവരെ വധിച്ചത്. 2002 ഓഗസ്റ്റ് നാലിനാണ് അബേല്‍ സ്വന്തം കുടുംബത്തില്‍ കൂട്ടക്കൊല നടത്തിയത്. കൊക്കൈയ്ന്‍ ലഹരിയില്‍ തോക്കുമായി ലിവിംഗ് റൂമിലേക്ക് വന്ന അബേല്‍, ഭാര്യ സിസിലിയ, ഒമ്പത് മാസം പ്രായമുള്ള മകള്‍ അനഹി, ഭാര്യ പിതാവ് ബാര്‍ട്ടോലോ, ഭാര്യ സഹോദരി ജാക്കി എന്നിവരെ വെടിവച്ച് വീഴ്ത്തി. 20 മിനിറ്റുകൊണ്ടാണ് ഇത്രയും പേരെ വധിച്ചത്. തോക്ക് വീണ്ടും ലോഡ് ചെയ്ത അബേല്‍ അടുക്കളയില്‍ ഭയന്ന് ഒളിച്ചിരുന്ന ഏഴുവയസ്സുകാരി ക്രിസ്റ്റലിനെ വെടിവച്ച് വീഴ്ത്തി. നാലു തവണയാണ് മകളെ ഇയാള്‍ വെടിവച്ത. ഭാര്യയുടെ മറ്റൊരു സഹോദരി അല്‍മയെയും വെടിവച്ചു. എന്നാല്‍ അവര്‍ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
ആക്രമണത്തിനു ശേഷം ഭാര്യയുടെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അബേലിന്െ പോലീസ് പിടികൂടുകയായിരുന്നു. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് വീട്ടില്‍ നിന്നും കണ്ടെടുത്തു. ലഹരിമരുന്ന് വാങ്ങാന്‍ ഭാര്യ കുടുതല്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്ന് അബേല്‍ പിന്നീട് വ്യക്തമാക്കി. ചെയ്ത തെറ്റിന് അയാള്‍ മാപ്പെഴുതി നല്‍കുകയും ചെയ്തിരുന്നു.
ഈ വര്‍ഷം അമേരിക്കയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന മൂന്നാമത്തെയാളും ടെക്സാസിലെ രണ്ടാമത്തെയാളുമാണ് അബേല്‍ ഒകോവ. ടെക്സസില്‍ കഴിഞ്ഞ വര്‍ഷം ഒമ്പത് പേരെയാണ് വധിച്ചത്. അമേരിക്കയില്‍ ആകെ 22 പേരെ വധിച്ചിരുന്നു. 2018ല്‍ 25 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. 1976ല്‍ യു.എസ് സുപ്രീം കോടതി വധശിക്ഷ പുനഃസ്ഥാപിച്ചതിനു ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ശിക്ഷ നടപ്പാക്കിയ സംസ്ഥാനവും ടെക്സാസ് ആണ്.






