
ന്യൂഡല്‍ഹി: കൊറോണ കനത്തനാശം വിതച്ചുകൊണ്ടിരിക്കുന്ന ചൈനയില്‍ ഇനിയും 80 ഇന്ത്യാക്കാര്‍ ബാക്കിയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇവരില്‍ 10 പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ചൈനീസ് അധികൃതര്‍ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കാതെ തടഞ്ഞു വെച്ചപ്പോള്‍ ബാക്കി 70 പേര് രോഗത്തെ അവഗണിച്ച് അവിടെ തന്നെ തുടരാന്‍ കൂട്ടാക്കിയാവരാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. ചൈനയില്‍ കൊറോണാ ബാധിച്ചുള്ള മരണം 700 കടന്നിരിക്കുകയാണ്.
ചൈനയില്‍ നിന്നെത്തിയ 150 ലധികം പേര്‍ക്ക് രോഗലക്ഷണം ഉണ്ടെങ്കിലും കേരത്തിലെ മൂന്ന് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതിനിടയില്‍ രോഗലക്ഷണം കാസര്‍ഗോഡ് മറ്റൊരാളിലും കണ്ടെത്തിയതായി വിവരമുണ്ട്. 647 ഇന്ത്യാക്കാരെയും ഏഴു മാലദ്വീപുകാരെയുമാണ് ഇന്ത്യ ഇതുവരെ വുഹാനില്‍ നിന്നും എത്തിച്ചത്. വുഹാനില്‍ നിന്നും ആള്‍ക്കാരെ തിരിച്ചെത്തിക്കാന്‍ പാകിസ്താന് ഉള്‍പ്പെടെ എല്ലാ അയല്‍രാജ്യങ്ങളെയും സഹായ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ മാലദ്വീപ് മാത്രമായിരുന്നു ഇന്ത്യയുടെ സഹായവാഗ്ദാനം സ്വീകരിച്ചത്.
ചൈനവഴി ഇന്ത്യയിലേക്ക് വരുന്ന എല്ലാ വിദേശീയരുടേയും വിസകള്‍ ഇന്ത്യ റദ്ദാക്കിയിരിക്കുകയാണ്. ഇതുവരെ 1,257 വിമാനങ്ങഴും 1,39,539 യാത്രക്കാരെയും പരിശോധന നടത്തിയതില്‍ നിന്നുമാണ് 150 രോഗലക്ഷണം ഉള്ളവരെ കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. 21 വിമാനത്താവളങ്ങള്‍ 12 തുറമുഖങ്ങള്‍ എന്നിവിടങ്ങള്‍ വഴിയെത്തുന്ന യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. വിദേശകാര്യമന്ത്രിമാര്‍, വ്യോമയാന മന്ത്രി, ആഭ്യന്തരസഹമന്ത്രി, ആരോഗ്യമന്ത്രി, ഷിപ്പിംഗ് മന്ത്രി എന്നിവരടങ്ങിയ സമിതിയും രൂപീകരിച്ചിട്ടുണ്ട്.
യാത്രക്കാരെ പരിശോധിക്കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്താന്‍ തുറമുഖങ്ങള്‍ക്ക് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. യാത്രക്കാര്‍ക്ക് എന്‍ - 95 മുഖാവരണം നല്‍കണമെന്നും രോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടയില്‍ രാജ്യത്ത് തന്നെ കൊറോണ ആദ്യം സ്ഥിരീകരിച്ച കേരളത്തില്‍ കാസര്‍ഗോഡ് ഒരാള്‍ കൂടി ആശുപത്രിയില്‍ നിരീക്ഷണത്തിലായി.
കൊറോണയ്ക്ക് സമാനമായ ലക്ഷണം കാണിക്കുന്നതിനാലാണ് പരിശോധന. കഴിഞ്ഞ ദിവസം ചൈനയില്‍ കുടുങ്ങിപ്പോയ നിലയില്‍ കാണിച്ച 17 മലയാളി വിദ്യാര്‍ത്ഥികളും രണ്ടു തമിഴ്നാട് സ്വദേശികളും ഇന്നലെ കൊച്ചിയില്‍ എത്തി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ വീടുകളിലേക്ക് അയച്ചു. എന്നിരുന്നാലും ഇവര്‍ നിരീക്ഷണത്തിലായിരിക്കും.






