
വയനാട് : വയനാട്ടില്‍ ആദിവാസി ബാലനെ ഹോസ്റ്റല്‍ വാര്ഡന് മര്‍ദ്ദിച്ചതായി പരാതി. ഗുണനപ്പട്ടിക തെറ്റിയെന്നാരോപിച്ചാണ് ബാലനെ മര്‍ദ്ദിച്ചത്. നെന്മേനി ആനപ്പാറ ട്രൈബല്‍ ഹോസ്റ്റലില്‍ പഠിക്കുന്ന ചീങ്ങേരി കോളനിയിലെ ഒന്‍പത് വയസുകാരനാണ് മര്‍ദ്ദനമേറ്റത്. ഗുണനപ്പട്ടിക തെറ്റിച്ചെന്ന് ആരോപിച്ച് മോപ്പ് ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പരിക്കേറ്റ കുട്ടി ബത്തേരി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഹോസ്റ്റല്‍ വാച്ചര്‍ അനൂപിനെതിരെ അമ്പലവയല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വ്യാഴാഴിചയാണ് സംഭവം നടക്കുന്നത്. മര്‍ദ്ദനത്തിന് ശേഷം നടക്കാന്‍ പോലും കഴിയാതെ കുട്ടി ഹോസ്റ്റില്‍ കിടക്കുകയായിരുന്നു. വേദന മാറാതായതോടെ കുട്ടി കാര്യം വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് വീട്ടില്‍ നിന്ന് ആളെത്തി അന്വേഷിച്ചപ്പോഴാണ് മര്‍ദ്ദിച്ച കാര്യം കുട്ടി പറയുന്നത്. കുട്ടിയുടെ അച്ഛന് മരത്തില്‍ നിന്ന് വീണ് കിടപ്പിലാണ്. പഠിപ്പിക്കാന്‍ പൈസ ഇല്ലാത്തതിനാലാണ് ഹോസ്റ്റലില്‍ നിര്‍ത്തിയിരിക്കുന്നതെന്ന് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ നട്ടെല്ലിനാണ് അടിയേറ്റിരിക്കുന്നത്. നേരത്തെയും തനിക്ക് മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. വിദ്യാര്‍ത്ഥിയെ പരിശോധിച്ച ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അമ്പലവയല്‍ പോലീസ് എത്തി കേസെടുത്ത് അന്വേഷണം തുടങ്ങിയത്.






