ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. ഡല്‍ഹിയില്‍ മോഡി-ഷാ മാജിക് ഏശിയില്ലെന്ന് ശരദ് പവാര്‍ പറഞ്ഞു. ഡല്‍ഹിയിലെ പരാജയം ബി.ജെ.പിയുടെ അവസാന തിരിച്ചടിയല്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം നടക്കാനിരിക്കുന്ന ബീഹാര്‍, പുതുച്ചേരി തിരഞ്ഞെുപ്പുകള്‍ കൂടി മുന്‍നിര്‍ത്തിയാണ് ബി.ജെ.പിക്ക് തുടര്‍ പരാജയങ്ങള്‍ ഉണ്ടാകുമെന്ന് പവാര്‍ പ്രസ്താവിച്ചത്.
ഡല്‍ഹിയിലെ ജനങ്ങള്‍ വിഭജനത്തിന്റെ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞു. മഹാരാഷ്ട്രയിലും ഇത് തന്നെയാണ് നടന്നത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ഇത്തരത്തില്‍ ജനവികാരം പ്രതിഫലിക്കുമെന്ന് ശരത് പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തി ശിവസേനയെ അധികാരത്തില്‍ കൊണ്ടുവരുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് ശരത് പവാര്‍ ആയിരുന്നു.
ബി.ജെ.പിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഡല്‍ഹിയിലെ പരാജയമെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി വക്താവുമായ നവാബ് മാലിക് പറഞ്ഞു. വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം ജനം തള്ളി. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ആശയം വിജയം നേടിയെന്നും മാലിക് പറഞ്ഞു. അഹങ്കാരത്തിന്റെ രാഷ്ട്രീയം പരാജയപ്പെട്ടു. ഡല്‍ഹി ജനത വിജയിച്ചുവെന്നും മാലിക് ട്വീറ്റ് ചെയ്തു.
ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ വോട്ട് ചെയ്യാനാണ് പ്രചരണ യോഗങ്ങളില്‍ പ്രധാനമന്ത്രി മോഡി ആവശ്യപ്പെട്ടത്. ബി.ജെ.പിക്കെതിരെ വോട്ട് ചെയ്ത് ജനം അത് പ്രാവര്‍ത്തികമാക്കിയെന്നും നവാബ് മാലിക് കൂട്ടിച്ചേര്‍ത്തു.






