
ആഗ്ര: മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട കേസിന് പിന്നാലെ പോയ പോലീസ് കണ്ടെത്തിയത് ഫിറോസാബാദുകാരി ആയ യുവതിക്ക് നേരെ നടന്ന മനുഷ്യക്കച്ചവടം, കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങി ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളുടെ പരമ്പര. മൂന്ന് വര്‍ഷത്തിന് മുമ്പ് തട്ടിക്കൊണ്ടു പോകലിന് ഇരയായ യുവതി മൂന്ന വര്‍ഷത്തിനിടയില്‍ പല തവണയാണ് ബലാത്സംഗം നേരിട്ടതും രണ്ടു മക്കളുമായി മനുഷ്യക്കച്ചവടത്തിന് ഇരയായതും. ഇവരുടെ രണ്ടു വയസ്സുകാരിയായ മകളെയും പ്രതികളില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തി.
കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലസ്. ആഗ്രയിലെ ബാഹ് പോലീസ് പരിധിയില്‍ പെടുന്ന ജരാര്‍ സ്വദേശിയായ യുവാവ് വിവാഹം കഴിച്ച സ്ത്രീ സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ക്ക് ഒപ്പം ആയിരുന്നു താമസം. 2017 ല്‍ ഓംവതി എന്നു പേരുള്ള ഒരു സ്ത്രീയും സ്ഥലത്തെ സ്വകാര്യ ആശുപത്രി ഉടമയുമായ ഭോലാറാം എന്നയാളും കുപ്പിവള നിര്‍മ്മാണ ഫാക്ടറി ഉടമയുമായ ദേവീ സിംഗ് എന്നിവര്‍ ചേര്‍ന്ന് ഫിറോസാബാദ് ജില്ലയിലെ ബഹായ് മൊഹമ്മദ് പൂരിലെ പഹാര്‍പൂരില്‍ നിന്നും യുവതിയെ തട്ടിക്കൊണ്ടു പോയി. ചൊവ്വാഴ്ച രാത്രിയില്‍ 22 കാരിയായ യുവതി അക്രമികളില്‍ നിന്നും തട്ടിയെടുത്ത ഫോണ്‍ ഉപയോഗിച്ച് പിതാവിനെ വിളിച്ചു കാര്യം പറഞ്ഞതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്.
തനിക്ക് സംഭവിച്ച കാര്യങ്ങളും താന്‍ എവിടെയാണെന്നുള്ള വിവരവും യുവതി വീട്ടുകാരെ വിളിച്ചു പറയുകയും വീട്ടുകാര്‍ കാഞ്ചന്‍പൂര്‍ പോലീസുമായി ബന്ധപ്പെടുകയും യുവതി ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് എത്തി പോലീസ് മോചിപ്പിക്കുകയും ചെയ്തു. ബെന്പുര ഗ്രാമത്തില്‍ നിന്നും ഇവരുടെ ഏഴു മാസം പ്രായമുള്ള മകനെയും പോലീസ് രക്ഷപ്പെടുത്തി. പല തവണ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയുടെ രണ്ടു വയസ്സുകാരിയായ മകളെയും വില്‍പ്പന നടത്തി.
യുവതിയെയും കുട്ടികളെയും രക്ഷപ്പെടുത്തിയ പോലീസ് ഓംവതി, ഭോലാറാം, ദേവീ സിംഗ്, പപ്പു ഗുജ്ജാര്‍, പ്രേം സിംഗ്, രംദിന്, ഭൂപീന്ദര്‍, രാംനാഥ്, ദീന എന്നിവര്‍ക്ക് എതിരേ മനുഷ്യക്കടത്ത്, കൂട്ടബലാത്സംഗം, ക്രിമിനല്‍ ഗൂഡാലോചന, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ അനേകം കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഭോലാറാമിന്റെയും ദേവീസിംഗിന്റെയും സഹായത്തോടെ ഓംവതിയാണ് യുവതിയെ തട്ടിക്കൊണ്ടു പോകലിന് ഇരയാക്കിയത്. ഇവര്‍ യുവതിയെ 50,000 രൂപയ്ക്ക് ബസായിയിലെ ബിചിയ ഗ്രാമത്തിലെ പപ്പു ഗുജ്ജാറിന് വില്‍പ്പന നടത്തി.
പപ്പു പിന്നീട് യുവതിയെ മറ്റ് പലയിടങ്ങളിലും മാറ്റിമാറ്റി പാര്‍പ്പിച്ച് അനേകം തവണ ബലാത്സംഗം ചെയ്യുകയും ഭൂപീന്തര്‍, രാംനാഥ്, ദീന എന്നിവരെ കൊണ്ടുവന്ന് ഇവരില്‍ നിന്നും പണം വാങ്ങി ലൈംഗിക ചൂഷണത്തിന് അനുവദിക്കുകയു ചെയ്തു. ഈ സമയത്ത് യുവതി പപ്പുവില്‍ നിന്നും ഗര്‍ഭം ധരിച്ചു. പിന്നീട് പപ്പു ബസിയയിലെ തന്നെ പച്ചാടിയപ്പുര ഗ്രാമത്തിലെ ഒരു പ്രേംസിംഗിന് യുവതിയെ വിറ്റു. 70,000 രൂപയ്ക്കായിരുന്നു ഈ വില്‍പ്പന. ഈ സമയത്ത് യുവതി ഏഴുമാസം ഗര്‍ഭിണിയായിരുന്നു. യുവതി പിന്നീട് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
തന്റെ കൈവശം ഉണ്ടായിരുന്ന സമയത്ത് പ്രേംസിംഗും യുവതിയെ ബലാത്സംഗം ചെയ്തു. ഇതിന്റെ ഭാഗമായി യുവതി ഒരു ആണ്‍കുട്ടിക്കും ജന്മം നല്കി. പ്രേം സിംഗ് പിന്നീട് യുവതിയുടെ രണ്ടുവയസ്സുകാരിയായ മകളെ മറ്റൊരാള്‍ക്ക് രണ്ടു ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തി. കാഞ്ചന്‍പൂരിലെ ബന്പുര ഗ്രാമത്തിലെ രാംദിന് ഗുജ്ജാറിനാണ് യുവതിയെ വില്‍പ്പന നടത്തിയത്. ഈ സമയത്തായിരുന്നു യുവതി ഫോണ്‍ തട്ടിയെടുത്ത് സ്വന്തം പിതാവിനെ വിളിച്ചതും അവര്‍ പോലീസുമായി ബന്ധപ്പെട്ടതും.
യുവതിയെ കാണാതായതിന് പിന്നാലെ മൂന്ന് വര്‍ഷമായി ഭര്‍ത്താവും സഹോദരനും ബന്ധുക്കളും എല്ലാം യുവതിയെ തിരഞ്ഞ് നടക്കുകയായിരുന്നു. ബസായി മൊഹമ്മദ് പൂര് പോലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ നടപടിയെടുത്തില്ല. ഗ്രാമത്തിലുള്ളവര്‍ തന്നെ മകളോട് ഈ നിലയില്‍ പെരുമാറുമെന്ന് കരുതിയിരുന്നില്ല എന്നും തന്റെ കൊച്ചുമകളെ ഉടന്‍ മടക്കിക്കൊണ്ടുവരാന്‍ പോലീസ് ഇടപെടണം എന്നുമാണ് യുവതിയുടെ പിതാവ് പറഞ്ഞിരിക്കുന്നത്. കേസെടുത്ത പോലീസ് യുവതിയെ വൈദ്യ പരിശോധന നടത്തിയിട്ടുണ്ട്.
ഗ്രാമത്തിലുള്ള യുവതികളെ അയല്‍ക്കാര്‍ തന്നെ തട്ടിക്കൊണ്ടു പോകുകയും അവരെ മറ്റു ഗ്രാമത്തിലൂം പട്ടണങ്ങളിലും കൊണ്ടു മാംസ വിപണിയില്‍ വില്‍ക്കുന്നതും പതിവ് സംഭവമാണെന്നാണ് ഫിറോസാബാദ് വനിതാ ശിശു ക്ഷേമ വിഭാഗവും പറയുന്നത്. ഇത്തരത്തില്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിന് അറിയാമെങ്കിലൂം നടപടികള്‍ എടുക്കുന്നത് ഏറെ താമസിച്ചാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഫിറോസാബാദ് ജില്ലയില്‍ ഒരു യുവതിയെയും നാലു കുട്ടികളെയും ബന്ധു തന്നെ തട്ടിക്കൊണ്ടു പോയ സംഭവം ഉണ്ടായി.
ഇയാളൂം ഇയാളുടെ ഭാര്യയുടെ മകനും ചേര്‍ന്ന് യുവതിയെയും എട്ടു വയസ്സുള്ള മൂത്ത കുട്ടിയെയും ബലാത്സംഗത്തിന് ഇരയാക്കി. പിന്നീട് യുവതിയെ അനേകം പേര്‍ക്ക് വില്‍പ്പന നടത്തി. നാലു വര്‍ഷത്തിന് ശേഷം ജെയ്പൂര്‍, ദൗസ, ആഗ്ര, ഫിറോസാബാദ് എന്നിവിടങ്ങളിലെ പോലീസുകാര്‍ ചേര്‍ന്ന് യുവതിയെ രക്ഷപ്പെടുത്തി. കേസിലെ പ്രധാനപ്രതിയെ ഇതുവരെ പിടിക്കാനായിട്ടില്ല. എന്നാല്‍ പ്രതിയുടെ ഭാര്യയെയും വളര്‍ത്തു മകനെയും ജെയ്പൂര്‍ പോലീസ് പിടികൂടിയിട്ടുണ്ട്.






