
തിരുവനന്തപുരം : പോലീസുകാര്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ സര് അല്ലെങ്കില്‍ മാഡം എന്നോ, മിസ്റ്റര്‍, മിസിസസ് എന്നോ നിര്‍ബന്ധമായും കൂട്ടിച്ചേര്‍ക്കണമെന്ന് നിര്‍ദേശിച്ച് മൂന്നു വര്‍ഷം മുന്‍പ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഇറക്കിയ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കമ്മിഷന് അധ്യക്ഷന്‍ പി. മോഹനദാസിന്റെ വിമര്‍ശനം. ഉത്തരവ് നടപ്പാക്കാന്‍ പോലീസ് മേധാവി ബാധ്യസ്ഥനാണെന്നും ഇത് നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഉത്തരവ് റദ്ദ് ചെയ്യാനുള്ള അനുമതി തേടി ഹൈക്കോടതി റിട്ട് ഫയല്‍ ചെയ്യുകയാണ് വേണ്ടതെന്നും അല്ലാതെ ഉത്തരവ് നടപ്പാക്കാതിരിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുജനങ്ങളും പോലീസും തമ്മിലുള്ള അകല്‍ച്ച കുറയ്ക്കുന്നതിന്റെ ഭാഗമായി കമമിഷന് പുറപ്പെടുവിച്ച ഉത്തരവ് പോലീസ് നടപ്പാക്കാത്തത് തെറ്റാണ്. കേരള പോലീസ് ആക്ട് 2011 ലെ അഞ്ചാം അധ്യായത്തില്‍ പോലീസിന്റെ കടമകളെ കുറിച്ച് വ്യക്തമായി പ്രതിബാധിക്കുന്നുണ്ട്. ഇതൊന്നും പാലിക്കാത്ത പക്ഷം ജനമൈത്രി പോലീസ് എന്ന ലക്ഷ്യം നേടാനാകില്ലെന്നും ജനങ്ങള്‍ പോലീസിനെ ശത്രുവായി കാണുന്ന സ്ഥിതിവിശേഷം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസ് സേനയ്ക്ക് ഇതുസംബന്ധിച്ച എന്തെങ്കിലും നിര്‍ദേശങ്ങള്‍ പോലീസ് മേധാവി ഔദ്യോഗികമായി നല്‍കിയിട്ടുണ്ടോ, അത് പൊതുജനങ്ങളെ അറിയിക്കുന്ന തരത്തില്‍ പരസ്യപ്പെടുത്തിയിട്ടുണ്ടോ എന്നീക്കാര്യങ്ങള്‍ അന്വേഷിച്ച് പരാതിക്കാരന് നല്കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ വിമര്‍ശനം.






