
തിരുവനന്തപുരം: ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില് വോട്ടര്പട്ടികയില് പേര് ചേര്ക്കുന്നത് തത്ക്കാലം നിര്ത്തിവെയ്ക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്. തിരഞ്ഞെടുപ്പ് നീണ്ടുപോകില്ലെന്നും, ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര് വി.ഭാസ്കരന് പറഞ്ഞു.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില് പേര് ചേര്ക്കുന്നത് താത്ലക്കാലികമായി നിര്ത്തിവെയ്ക്കും. വിധി പകര്പ്പ് കിട്ടിയ ശേഷം തുടര്നടപടികള് സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കി. ഒരു കാരണവശാലും തദ്ദേശ തിരഞ്ഞെടുപ്പ് നീണ്ടുപോകില്ലെന്നും അദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിന് 2015ലെ വോട്ടര് പട്ടിക ഉപയോഗിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന് നീക്കത്തിനാണ് ഹൈക്കോടതി സ്റ്റേ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര് പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി നിര്ദ്ദേശിച്ചു. ഇക്കാര്യത്തില് തിരഞ്ഞെടുപ്പ് കമ്മീഷന് ഉചിതമായ നടപടി എടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. 2015ലെ പട്ടിക ഉപയോഗിക്കാന് അനുമതി നല്കിയ സിംഗിള് ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കുകയായിരുന്നു.
2015ലെ വോട്ടര് പട്ടിക അടിസ്ഥാനമാക്കി തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ യു.ഡി.എഫ് നല്കിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. തീരുമാനം പുനഃപരിശോധിക്കാന് കഴിയുമോയെന്ന് ഹൈക്കോടതി കമ്മീഷനോട് ആരാഞ്ഞിരുന്നു. ഹൈക്കോടതി തീരുമാനിച്ചാല് നിര്ദ്ദേശം പുനഃപരിശോധിക്കാന് തയ്യാറാണെന്നായിരുന്നു കമ്മീഷന് നിലപാട്.
വോട്ടര് പട്ടിക പുതുക്കുന്നതിന് ആവശ്യമായ 10 കോടി രൂപയുടെ അധിക ചെലവ്. പ്രായോഗിക ബുദ്ധിമുട്ട് തുടങ്ങിയ കാര്യങ്ങള് ചൂണ്ടിക്കാട്ടിയാണ് 2015ലെ വോട്ടര് പട്ടിക തന്നെ ഉപയോഗിക്കാന് തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചത്. 2019ലെ വോട്ടര് പട്ടിക തന്നെ ഉപയോഗിക്കാനായിരുന്നു സര്ക്കാരിന്റെ ആദ്യ നിലപാട് എന്നാല് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനൊപ്പം പിന്നീട് സര്ക്കാരും നിലപാട് മാറ്റുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരം സര്ക്കാര് നടപടികള് സ്വീകരിക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്തീനും വ്യക്തമാക്കിയിരുന്നു.
സര്ക്കാര് അപ്പീല് നല്കേണ്ട കാര്യമില്ലെന്ന് മന്ത്രി എ.സി മൊയ്തീന് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് തുടര് നടപടികള് സ്വീകരിക്കേണ്ടത്. സര്ക്കാര് കമ്മീഷനെ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.







Comments