
ന്യൂഡല്‍ഹി : പുല്‍വാമയില്‍ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ കുഴിമാടത്തില്‍ നിന്ന് ഒരു പിടി മണ്ണ് ശേഖരിച്ച് ഉമേഷ് ഗോപിനാഥ് യാധവ്. യാത്രക്കള്‍ ഏറെ ഇഷ്ടപ്പെടുന്ന അതിലുപരി ഇന്ത്യന്‍ സൈന്യത്തെ ജീവനോളം സ്നേഹിക്കുന്ന ഒരു പാട്ടുകാരനാണ് ഉമേഷ്. പുല്‍വാമ ഭീകരാക്രമണത്തിന് ഒന്നാം വാര്‍ഷിക ദിനമായ വെള്ളിയാഴ്ച കാശ്മീരിലെ ലെതോപോരയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പ്രത്യേക ക്ഷണിതാവായിരുന്നു അദ്ദേഹം.
പുല്‍വാമയില്‍ വിരമമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്മാരുടെയും വീടുകളില്‍ സന്ദര്‍ശിച്ച് അവിടെ നിന്നും ഒരു പിടി മണ്ണ് ചെറുഭരണിയില്‍ ശേഖരിച്ചാണ് ഉമേഷ് സൈനികരോടുള്ള തന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇതുകൊണ്ടാണ് അനുസ്മരണ ദിനത്തില്‍ സൈനികര്‍ക്കുള്ള സ്മാരകത്തിന്റെ ഉദ്ഘാടനത്തിനായി ഉമേഷിനെ സിആര്‍പിഎഫ് ക്യാമ്പിലേക്ക് ക്ഷണിക്കുന്നത്.
രാജ്യത്തുടനീളം ഏകദേശം 61,000 കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ചാണ് 40 ജവാന്മാരുടെ വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചത്. വീടുകളില്‍ നിന്നും ജവാന്മാരെ സംസ്കരിച്ച സ്ഥലത്ത് നിന്നും ശേഖരിച്ച മണ്ണ് സൈനികരുടെ ഓര്‍മക്കായി ലെതോപോരെ ക്യാമ്പില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ഉമേഷ് സിആര്‍പിഎഫിന് സമര്‍പ്പിക്കുകയും ചെയ്തു.
പുല്‍വാമയില്‍ ജീവന് നഷ്ടമായ ധീരജവാന്മാരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ ആയതില്‍ അഭിമാനം ഉണ്ടെന്നും ജീവന് പൊലിഞ്ഞ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനാണ് ഇത്തരത്തില്‍ യാത്ര നടത്തിയതെന്നും ഉമേഷ് പറയുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 9 മുതിലാണ് ഉമേഷ് സൈനികരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങുന്നത്. പത്ത് മാസത്തോളം സമയമെടുത്താണ് പതിനാറ് സംസ്ഥാനങ്ങളിലായുള്ള 40 സൈനികരുടെ വീടുകളില്‍ എത്തി കുടുംബാഗംങ്ങളെ ഉമേഷ് നേരില്‍ കണ്ടത്.






