
ന്യൂഡല്‍ഹി: ദേശീയ പൗരത്വ റജിസ്റ്ററുമായി ബന്ധപ്പെട്ട് ഒടുവില്‍ കേന്ദ്രം കേരളം ഉള്‍പ്പെടെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ സംസ്ഥാനങ്ങള്‍ക്ക് വഴങ്ങുന്നു. എതിര്‍പ്പ് ഉന്നയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ സെന്‍സസ് കമ്മീഷണറെ നിയോഗിക്കുന്നു. ആശങ്ക ദുരീകരിച്ച് ഒപ്പം നിര്‍ത്താനാണ് ശ്രമം. കേരളത്തിന് പുറമേ രാജസ്ഥാന്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ് സംസ്ഥാനങ്ങളാണ് പൗരത്വ റജിസ്റ്ററിനോട് സഹകരിക്കില്ലെന്ന പരസ്യ നിലപാട് എടുത്തത്.
ഇതോടെ പൗരത്വ റജിസ്റ്റര്‍ എതിര്‍ക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. കേന്ദ്ര സെന്‍സസ് കമ്മീഷണറായ വിവേക് ജോഷി, വെള്ളിയാഴ്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തിയേക്കും. രാജ്യത്തെമ്പാടും നടക്കുന്ന സെന്‍സസ്, എന്‍പിആര്‍ വിവരശേഖരണത്തിന് ചുക്കാന്‍ പിടിക്കുന്നത് റജിസ്ട്രാര്‍ ജനറല്‍ കൂടിയായ സെന്‍സസ് കമ്മീഷണറാണ്. ഏപ്രില്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെ സെന്‍സസിന്റെ ആദ്യ ഘട്ടത്തില്‍ ദേശീയ പൗരത്വ റജിസ്റ്ററിലെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച്് ക്രോഡീകരിക്കാന്‍ തുടങ്ങും.
എന്നാല്‍ ദേശീയ പൗരത്വ റജിസ്റ്ററിനും പൗരത്വ നിയമ ഭേദഗതിക്കും എതിരേ നിയമസഭയില്‍ എന്‍പിആറിനെതിരേ പ്രമേയം പാസ്സാക്കിയ സംസ്ഥാനങ്ങളില ഒന്നാണ് പഞ്ചാബ്. നേരത്തേ കേരളം പ്രമേയം പാസ്സാക്കിയതിന് പിന്നാലെ ബംഗാളും പഞ്ചാബും രാജസ്ഥാനും ഛത്തീസ്ഗഡും മദ്ധ്യപ്രദേശും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെയാണ് പിണറായി വിജയനുള്‍പ്പടെ എന്‍പിആറിനോട് എതിര്‍പ്പറിയിച്ച എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ ഉന്നത ഉദ്യോഗസ്ഥനെത്തന്നെ കേന്ദ്രം നിയോഗിച്ചത്.
അതേസമയം സെന്‍സസ് നടപടികള്‍ തടസ്സപ്പെടുത്തില്ലെന്നുഗ അതുമായി ബന്ധപ്പെട്ട് എല്ലാ സഹകരണം ഉണ്ടാകുമെന്നുമാണ് കേരളത്തിന്റെ നിലപാട്. എന്നാല്‍ എന്‍പിആര്‍ വിവരങ്ങള്‍ കൂടിയുണ്ടെങ്കിലേ സെന്‍സസ് വിവരങ്ങള്‍ കൃത്യമാണ് എന്ന കാര്യം ഉറപ്പുവരുത്താനാകു. എന്‍പിആര്‍ വിവരങ്ങള്‍ പ്രാദേശിക (വില്ലേജ്, സബ് ടൗണ്‍), സബ് ജില്ലാ, ജില്ലാ, സംസ്ഥാന, ദേശീയ തലത്തില്‍ ശേഖരിച്ച ശേഷം ക്രോഡീകരിക്കുകയാണ് ചെയ്യുക. ഏറ്റവുമൊടുവില്‍ എന്‍പിആര്‍ വിവരശേഖരണം നടന്നത് 2010ലാണ്. സെന്‍സസിന് മുന്നോടിയായിട്ടായിരുന്നു ഇത്.






