
മുംബൈ: മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാരില്‍ വീണ്ടും കല്ലുകടി. എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ സംസ്ഥാനത്ത് ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍.പി.ആര്) നടപ്പാക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ തീരുമാനം. മേയ് ഒന്നു മുതല്‍ സംസ്ഥാനത്ത് നടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്.സി) മാത്രമല്ല, എന്‍.പി.ആറും നടപ്പാക്കില്ലെന്ന നിലപാടാണ് കോണ്‍ഗ്രസും എന്‍.സി.പിയും സ്വീകരിച്ചിരുന്നത്. എന്‍.പി.ആറിനെ എന്‍.സി.പി പിന്തുണയ്ക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ട്ടിനേതാവ് മജീദ് മേമന് പറഞ്ഞു. ഇക്കാര്യം ശരത് പവാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ തീരുമാനം മൂന്നു പാര്‍ട്ടികളും ചേര്‍ന്ന് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഖ്യ തീരുമാനത്തിന് വിരുദ്ധമായി ഇതാദ്യമായല്ല ഉദ്ധവ് താക്കറെ പ്രവര്‍ത്തിക്കുന്നത്. ഇന്നലെ എല്‍ഗാര്‍ പരിഷത്ത് കേസ് അന്വേഷണം സംസ്ഥാന പോലീസില്‍ നിന്നും എന്‍.ഐ.എ ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഇതോടെ പൂനെ സെഷന്‍സ് കോടതിയുടെ പരിഗണനയിലിരുന്ന കേസ് മുംബൈ എന്‍.ഐ.എ കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതില്‍ സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനവുമായി ശരത് പവാര്‍ തന്നെ രംഗത്തെത്തിയിരുന്നു. നവംബറില്‍ സഖ്യസര്‍ക്കാര്‍ അധികാരമേറ്റശേഷം ആദ്യമായാണ് പവാര്‍ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കുന്നത്.






