കൊല്‍ക്കത്ത: ഡല്‍ഹിയിലെ ഷഹീന്‍ബാഗിലും കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസിലും നടക്കുന്ന സി.എ.എ വിരുദ്ധ സമരങ്ങളെ കടന്നാക്രമിച്ച് പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഷഹീന്‍ബാഗിലും പാര്‍ക്ക് സര്‍ക്കസിലും സമരം ചെയ്യുന്നവര്‍ വിദേശ ഫണ്ട് കൈപ്പറ്റുന്നുണ്ടെന്ന് ദിലീപ് ഘോഷ് ആരോപിച്ചു. ഒന്നുമറിയാത്ത പാവപ്പെട്ടവരെ സമരത്തിനായി വഴിയില്‍ ഇരുത്തിയിരിക്കുകയാണ്. അവര്‍ക്ക് വിദേശ ഫണ്ട് ഉപയോഗിച്ച് ബിരിയാണി വാങ്ങിക്കൊടുക്കുകയാണെന്നും ദിലീപ് ഘോഷ് പറഞ്ഞു.
ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ ആയാലും കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസില്‍ ആയാലും സാഹചര്യം വ്യത്യസ്തമല്ല. ബൃന്ദ കാരാട്ടിനെയും പി. ചിദംബരത്തെയും പോലുള്ളവര്‍ ഇത്തരം സമരങ്ങള്‍ നടത്തുന്നവരെ സന്ദര്‍ശിക്കുന്നുണ്ട്. ഷഹീന്‍ബാഗിലും പാര്‍ക്ക് സര്‍ക്കസിലും നിരക്ഷരരായ സ്ത്രീകളാണ് കുട്ടികളുമായി വന്നിരിക്കുന്നത്. അവര്‍ കാഴ്ചക്കാര്‍ മാത്രമാണെന്നും ദിലീപ് ഘോഷ് ആരോപിച്ചു.
ഷഹീന്‍ബാഗ് സമരത്തിനെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസ്താവനാള് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാണെന്ന് അമിത് ഷാ തന്നെ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപ് ഘോഷിന്റെ വിവാദ പ്രസ്താവന. ഡല്‍ഹിയില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് അമിത് ഷാ പ്രസ്താവിച്ചിരുന്നു. കൂടാതെ സമരക്കാരെ വെടിവയ്ക്കാന്‍ ആഹ്വാനം നല്കുന്ന വിവാദ പ്രസ്താവനകള്‍ കേന്ദ്രമന്ത്രിമാര്‍ തന്നെ നടത്തിയത് ഏറെ വിവാദമായിരുന്നു.






