
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള് ഇന്നു രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാം ലീലാ െമെതാനത്താണു ചടങ്ങ്. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും സോഷ്യലിസ്റ്റ് നേതാവ് ജയ്പ്രകാശ് നാരായണനും രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് വേദിയാക്കിയത് രാം ലീലാ െമെതാനത്താണ്. അടിയന്തിരാവസ്ഥയ്ക്കു ശേഷം ജനതാ പാര്‍ട്ടി രൂപീകരണത്തിനും ഇവിടം വേദിയായി.
ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇവിടെ നിന്നായിരുന്നു കെജ്രിവാളെന്ന രാഷ്ട്രീയക്കാരന്റെ ഉദയവും. ഗാന്ധിയന്‍ അണ്ണാ ഹസാരെക്കൊപ്പം നിന്നുകൊണ്ട് അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് കെജ്രിവാള് തുടക്കമിട്ടതും രാംലീലാ െമെതാനമാണ്. ഈ വേദിയിലാണ് മൂന്നാം വട്ടം ഡല്‍ഹി മുഖ്യമന്ത്രിയായി കെജ്രിവാള് സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുന്നത്. രാവിലെ പത്തിനു നടക്കുന്ന ചടങ്ങില്‍ കേജരിവാളിനൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 62 സീറ്റുകളില്‍ വിജയിച്ചു കയറിയാണ് മൂന്നാവട്ടം കെജ്രിവാള് അധികാരത്തില്‍ എത്തുന്നത്. അതേസമയം ഡല്‍ഹി സര്‍ക്കാര്‍ സ്കൂളുകളിലെ പ്രധാനാധ്യാപകരോടും 20 അധ്യാപകരോടും സത്യപ്രതിജ്ഞയ്ക്ക് എത്താന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആവശ്യപ്പെട്ടത് വിവാദമായി.
സര്‍ക്കാര്‍ സംവിധാനങ്ങളെ ആം ആദ്മി പാര്‍ട്ടി ദുരുപയോഗം ചെയ്യുന്നതിന് തെളിവാണെന്നു ബി.ജെ.പി. വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ ചടങ്ങിലേക്ക് അധ്യാപകരെ ക്ഷണിച്ചാണെന്നും അതിന് ആജ്ഞയുടെ സ്വരമില്ലെന്നും എ.എ.പി. വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷം ഡല്‍ഹി സാക്ഷ്യംവഹിച്ച മാറ്റങ്ങളുടെ ശില്പികളെന്ന നിലയിലാണ് അധ്യാപകരെയും പ്രിന്‍സിപ്പല്‍മാരെയും ക്ഷണിച്ചതെന്നും പാര്‍ട്ടി വിശദീകരിച്ചു. അധ്യാപകരെ ചടങ്ങിലേക്കു സ്വാഗതം ചെയ്യുന്നതായും വരാന്‍ സാധിക്കാത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കില്ലെന്നും മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അറിയിച്ചു.






