
ന്യൂഡല്‍ഹി : രണ്ടാമൂഴം കേസില്‍ സംവിധായകന് വി.എ. ശ്രീകുമാറിന് എതിരെ എം.ടി. വാസുദേവന്‍ നായര്‍ നല്കിയ ഹര്‍ജിയിലെ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ശ്രീകുമാര്‍ നല്കിയ ഹര്‍ജിയില്‍ എം.ടി.ക്ക് നോട്ടീസ് അയച്ചു. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എം.ടി. നല്കിയ ഹര്‍ജിയിലെ നടപടികള്‍ ആണ് സ്റ്റേ ചെയ്തത്. ഇനി നാലാഴ്ചയ്ക്ക് ശേഷം ഹര്‍ജിയില്‍ വാദം കേള്‍ക്കും.
മഹാഭാരതത്തിലെ കഥാപാത്രമായ ഭീമന്റെ കഥ പറയുന്ന രണ്ടാംമൂഴം സിനിമയാക്കുന്നതിനായി എം.ടിയും ശ്രീകുമാറും 2014 ലാണ് കരാര്‍ ഒപ്പുവെച്ചത്. അഞ്ച് വര്‍ഷമായിട്ടും സിനിമ എടുക്കാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരിച്ചുചോദിച്ച് എം.ടി കോടതിയെ സമീപിച്ചത്. കേസില്‍ മധ്യസ്ഥ ചര്‍ച്ച വേണമെന്ന ആവശ്യം തള്ളിയത് ചോദ്യം ചെയ്താണ് ശ്രീകുമാര്‍ മേനോന് സുപ്രീംകോടതിയിലെത്തിയത്.
എം.ടി ആദ്യം ഹര്‍ജി നല്‍കിയത് കോഴിക്കോട് മുന്‍സിഫ് കോടതിയിലാണ്. ഇതേത്തുടര്‍ന്ന് മധ്യസ്ഥത വേണമെന്നാവശ്യപ്പെട്ട് വി.എ ശ്രീകുമാര്‍ അപ്പീല്‍ കോടതിയായ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതി ഇത് തള്ളി. പിന്നാലെ ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ഈ ആവശ്യം തള്ളി. കേസ് മുന്‍സിഫ് കോടതിയില്‍ തുടരുകയാണ്.






