
കൊച്ചി: കെഎസ്ആര്‍ടി ബസ് കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 16 പേര് മരിച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോയമ്പത്തൂര്‍ അവിനാശിയില്‍ പുലര്‍ച്ചെ മൂന്ന് മണിയ്ക്കാണ് അപകടമുണ്ടായത്.
ബംഗലുരുവില്‍ നിന്നും എറണാകുളത്തേക്ക് പോയ ബസിലേക്ക് കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം. കെഎസ് ആര്‍ടിസി ഉദ്യോഗസ്ഥരോട് സ്ഥലത്തെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡിവൈഡര്‍ മറികടന്ന് ലോറി ഇടിച്ചു കയറുകയായിരുന്നു. ഏഴുപേര്‍ സംഭവസ്ഥലത്തുവെച്ചും മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും മരണമടഞ്ഞു. നിരവധി പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും എന്നാണ് സൂചനകള്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പാലക്കാട്ട് നിന്നും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ തമിഴ്നാട്ടിലേക്ക് തിരിച്ചു. ബസില്‍ 48 സീറ്റിലും സീറ്റ് ബുക്ക് ചെയ്തിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ആള്‍ക്കാരെ പുറത്തെത്തിച്ചത്.
ഈ മാസം 17 ന് എറണാകുളത്ത് നിന്നും പോയ ബസ് 18 ന് മടങ്ങേണ്ടതായിരുന്നു. എന്നാല്‍ യാത്രക്കാരുടെ എണ്ണം കുറവായതിനാലായിരുന്നു യാത്ര നീട്ടി വെച്ചത്. ഇന്നലെ വൈകിട്ട് 8 മണിയോടെയാണ് തിരിച്ച് യാത്ര തുടങ്ങിയത്. പാലക്കാട് മുതല്‍ എറണാകുളം വരെയുള്ള യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ശിവരാത്രി ആയതിനാല്‍ തിരക്കുണ്ടായിരുന്നു. അപകടത്തില്‍ പെട്ട ഡ്രൈവറുടേയും കണ്ടക്ടറുടെയും നില ഗുരുതരമാണ്. 25 പേര് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. മരണമടഞ്ഞതില്‍ കൂടുതലും മലയാളികളാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.






