
പ്രഖ്യാപിച്ചപ്പോള്‍ തന്നെ വന്‍ പ്രതീക്ഷകളിലേക്ക് ഉയര്‍ന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ ആദ്യമായി ക്യാമറക്ക് പിന്നിലേക്ക് സംവിധായകനായി എത്തുന്നുവെന്നത് തന്നെയായിരുന്നു ബറോസ് എന്ന ത്രീഡി പ്രൊജക്ടിന്റെ ഹൈപ്പിന് പിന്നില്‍. തിരക്കഥാകൃത്തായി ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ജിജോ നവോദയ. 2019 ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന ബറോസ്, മോഹന്‍ലാലിന്റെ അഭിനയിക്കാനുള്ള കമ്മിറ്റ്മെന്റുകളെ തുടര്‍ന്ന് വൈകുകയായിരുന്നു. ഇപ്പോഴിതാ 2020 ജൂണില്‍ ബറോസ് ആദ്യ ഷെഡ്യൂള്‍ തുടങ്ങുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
'ജൂണ്‍ അവസാനത്തോടെ ബറോസ് തുടങ്ങും. ഗോവയിലും കേരളവുമാണ് പ്രധാന ലൊക്കേഷന്‍. ത്രീ ഡി ചിത്രമായതിനാല്‍ കുറേ ഭാഗങ്ങള്‍ സ്റ്റുഡിയോയില്‍ സെറ്റ് ഇട്ട് ചിത്രീകരിക്കാനുണ്ട്' ടൈംസ് ഓഫ് ഇന്ത്യയുടെ പ്രത്യേക അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറയുന്നത്. ബറോസ് തിരക്കഥാ ചര്‍ച്ചയില്‍ പ്രിയദര്‍ശനും ഭാഗമായിരുന്നു. പ്രിയദര്ശന് സിനിമകളുടെ അതേ മാജിക് അല്ല എന്റെ സംവിധാനത്തില്‍ പ്രതീക്ഷിക്കേണ്ടതെന്നും മോഹന്‍ലാല്‍. ഒരു കുട്ടിക്കും ഭൂതത്തിനും ഇടയിലുള്ള നിഗൂഢതയാണ് ബറോസ്. പ്രിയദര്ശന് ബോധപൂര്‍വമല്ലാതെ പ്രചോദനമായേക്കാമെന്നും മോഹന്‍ലാല്‍. സിനിമക്ക് ആവശ്യമില്ലാത്ത ഒരു ഷോട്ട് പോലും എടുത്ത് സമയം കളയാത്ത ആളാണ് പ്രിയദര്ശന്. ആ രീതി പിന്തുടരണമെന്നുണ്ട്. ചെയ്യുന്ന സിനിമയെക്കുറിച്ച് വ്യക്തത ഉണ്ടാവുകയെന്നതാണ് വലിയ കാര്യമെന്നും മോഹന്‍ലാല്‍.
ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന റാം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍. കൊച്ചിക്ക് പിന്നാലെ സിനിമയുടെ ധനുഷ്കോടി ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രവുമാണിത്. 2020ല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലൂസിഫര്‍ രണ്ടാം ഭാഗമാണ് എമ്പുരാന്.
പ്രീ പ്രൊഡക്ഷന്‍ കൃത്യതയോടെ പൂര്‍ത്തിയാക്കിയും നേരത്തെ നിശ്ചയിച്ച കമ്മിറ്റ്മെന്റുകള്‍ തീര്‍ത്തും ബറോസിലേക്ക് കടക്കാമെന്ന് വച്ചതിനാലാണ് ഷൂട്ടിംഗ് 2020 ജൂണ്‍ അവസാനത്തോടെ മതിയെന്ന് ലാല്‍ തീരുമാനിച്ചതെന്നറിയുന്നു. ബറോസ് പ്രീ പ്രൊഡക്ഷന്‍ ഒരു വര്‍ഷമായി നടക്കുന്നുണ്ട്. ജിജോയുടെ നേതൃത്വത്തില്‍ സിനിമയുടെ തിരക്കഥയിലെ മിനുക്കുപണികളും പുരോഗമിക്കുന്നുണ്ട്. കെ യു മോഹനനാണ് ക്യാമറ.






