ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കലാപത്തില്‍ ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് സുപ്രീം കോടതിയെ സമീപിച്ചു. അക്രമ സംഭവങ്ങളില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഭീം ആര്‍മി കോടതിയെ സമീപിച്ചിരിക്കുന്നത്. ബി.ജെ.പി നേതാവ് കപില്‍ മിശ്രയാണ് കലാപത്തിന് പിന്നിലെന്ന് ആസാദ് ആരോപിച്ചു. ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ആസാദ് ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ ഷഹീന്‍ബാഗിലും ജഫ്റാബാദിലും നടക്കുന്ന സമരങ്ങള്‍ മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് കപില്‍ മിശ്ര ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഡല്‍ഹിയില്‍ അക്രമികള്‍ അഴിഞ്ഞാടുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മതം ചോദിച്ച ശേഷം ആക്രമിക്കുകയാണെന്ന് മലയാള മാധ്യമങ്ങളുടെ ഡല്‍ഹി ലേഖകരും റിപ്പോര്‍ട്ട് ചെയ്തു.
ഈ സാഹചര്യത്തിലാണ് ചന്ദ്രശേഖര്‍ ആസാദ് സുപ്രീം കോടതിയെ സമീപിച്ചത്. ഷഹീന്‍ബാഗിലെ സമരം സമാധാനപരമാണെന്ന് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി സത്യവാങ്മൂലം നല്‍കിയിരുന്നു. പോലീസാണ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതെന്നും മൂന്നംഗ സമിതി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് ആസാദ് കോടതിയെ സമീപിച്ചിരിക്കുന്നത്.






